Big stories

ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം

ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം
X

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിലക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവയ്ക്കുന്ന ടീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ ഹാജരാക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിഷയം ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്യുമെന്ററി ലിങ്കുകള്‍ പങ്കുവയ്ക്കുന്നത് വിലക്കിയ കേന്ദ്ര നടപടിയ്‌ക്കെതിരേ രണ്ട് ഹരജികളാണ് കോടതിക്ക് മുമ്പാകെ എത്തിയത്. ഇതില്‍ ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയിത്രയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും സംയുക്തമായി സമര്‍പ്പിച്ചതാണ്. മറ്റൊന്ന് അഭിഭാഷകന്‍ എം എല്‍ ശര്‍മയുടേതാണ്. ഡോക്യുമെന്ററി കേന്ദ്രം നേരിട്ടോ പരോക്ഷമായോ വിലക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

ഡോക്യുമെന്ററി കാണാനും വിമര്‍ശിക്കാനും പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പരാമര്‍ശിക്കുന്ന യൂ ട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ ജനുവരി 21ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്റെ യഥാര്‍ഥ രേഖകള്‍ അടുത്ത വാദം കേള്‍ക്കുന്ന ദിവസം കോടതിയില്‍ ഹാജരാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഝ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

ഡോക്യുമെന്ററി നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് അഭിഭാഷകനായ എം എല്‍ ശര്‍മ പറഞ്ഞു. ദുരുദ്ദേശപരവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിയിലൂടെ സമൂഹമാധ്യമങ്ങളില്‍നിന്ന് ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്‌തെന്നും എം എല്‍ ശര്‍മ ആരോപിച്ചു. ഐടി നിയമം 2021 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ജനുവരി 21ന് ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' ലിങ്കുകള്‍ പങ്കിടുന്നതും യൂ ട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്.

Next Story

RELATED STORIES

Share it