Big stories

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു -ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍. -കുട്ടികള്‍ക്ക് നേരെയും അതിക്രമം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു  -ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍.    -കുട്ടികള്‍ക്ക് നേരെയും അതിക്രമം.
X

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് സംഘപരിവാര്‍ ആക്രമണം വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ഹിന്ദുത്വ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബജ്‌റംഗ്ദള്‍, ശ്രീ രാം സേന, ഹിന്ദു സേന തുടങ്ങിയ സംഘനകളുടെ നേതൃത്വത്തിലും ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങളുമാണ് ആക്രമണങ്ങള്‍ നടത്തിയത്. വിവിധ സംഭവങ്ങളില്‍ നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന മുസ് ലിംകള്‍ക്കെതിരേ കൗണ്ടര്‍ കേസുകള്‍ ഫയല്‍ ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ ബജ്‌റംഗ്ദള്‍, ശ്രീ രാം സേന തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം അരങ്ങേറുന്നത്. മുസ് ലിം ഹിന്ദു സൗഹൃദങ്ങള്‍ പോലും ഹിന്ദുത്വ സംഘടനകള്‍ ആക്രമണത്തിന് കാരണമാക്കിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുസ് ലിംകളും ഹിന്ദുക്കളും ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരിലും വസ്ത്രം നോക്കി മുസ് ലിം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമണം നടത്തിയ സംഭവങ്ങളുമുണ്ടായി.

തൊപ്പി ധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ ബഗല്‍കോട്ടെ ജില്ലയിലാണ് സംഭവം. ഇക്കല്‍ നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷന്‍ ക്ലാസില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ഥികളെ 15 പേരടങ്ങുന്ന ഹിന്ദുത്വര്‍ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തങ്കടഗി മഞ്ജു എന്നയാളാണ് തങ്ങളെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികള്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളിലും വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നത് വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം കൊടുത്തയാളുടെ പേര് വിദ്യാര്‍ഥികള്‍ പോലിസിനോട് പറഞ്ഞെങ്കിലും അക്രമിയുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

സംഭവത്തില്‍ പോലിസ് രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അക്രമത്തിന് ഇരയായ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഒരു എഫ്‌ഐആറും അക്രമികളുടെ പരാതിയില്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ത്ത് മറ്റൊരു എഫ്‌ഐആറും പോലിസ് രജിസ്റ്റര്‍ ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ അര്‍ബാസ് അഫ്താബ് എന്ന യുവാവ് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവവും കര്‍ണാടകയില്‍ അരങ്ങേറി. മുസ് ലിം യുവാവിനെ തലയറുത്ത് റെയില്‍ വേ ട്രാക്കില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ ശ്രീരാം സേന നേതാവടക്കം പ്രതികള്‍ അറസ്റ്റിലായി.

ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വര്‍ഗീയ പ്രചാരണങ്ങള്‍ ശക്തിപ്പെടുന്നതിനിടെ ഹിന്ദു-മുസ് ലിം സൗഹൃദങ്ങളെ പോലും തടഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി. കര്‍ണാടകയിലെ മംഗലാപുരം മേഖലയിലാണ് ബജ്‌റംഗ്ദള്‍-ശ്രീ രാമ സേന ആക്രമണം വ്യാപിക്കുന്നത്. ഒരു മാസത്തിനിടെ നിരവധി ഹിന്ദുത്വ ആക്രമണങ്ങളാണ് മേഖലയില്‍ അരങ്ങേറിയത്. വാഹനത്തില്‍ പോകുന്നവരെ പോലും പിന്തുടര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമണം.

രണ്ട് ദിവസം മുമ്പ് മുസ് ലിം സുഹൃത്തിനും അവരുടെ ഭര്‍ത്താവിനുമൊപ്പം കാറില്‍ സഞ്ചരിച്ച ഹിന്ദു യുവതിയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. മംഗലാപുരത്താണ് സംഭവം. കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണം നടത്തിയ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ സംഹിതരാജ്(36), സന്ദീപ് പൂജാരി(34) എന്നിവരാണ് അറസ്റ്റിലായത്.

മുസ് ലിം കൂട്ടുകാരിക്കും അവരുടെ ഭര്‍ത്താവിനും ഒപ്പം യാത്ര ചെയ്യുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാറ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറിലുള്ളവര്‍ക്ക് നേരെ ഭീഷണി മുഴക്കുകയും മര്‍ദിക്കുകയുമായിരുന്നു. പോലിസ് എത്തിയാണ് യാത്രികരെ ഹിന്ദുത്വരില്‍ നിന്ന് രക്ഷിച്ചത്. യുവതിയുടെ പരാതിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മംഗലാപുരത്ത് സമീപകാലത്തായി ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുസ് ലിം യുവാവും ഹിന്ദു യുവതിയും ഒരുമിച്ച് യാത്ര ചെയ്തു എന്ന് പറഞ്ഞ് കര്‍ണാടകയിലെ സര്‍ക്കാര്‍ ബസ് ഹിന്ദു സേന പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബസില്‍ യാത്ര ചെയ്തവരെ ഭീഷണിപ്പെടുത്തിയ സംഘം ഇവരെ പോലിസില്‍ ഏല്‍പ്പിക്കാനും ശ്രമം നടത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് മംഗളൂരുവില്‍ സഹപാഠികളായ പെണ്‍കുട്ടികളോട് സംസാരിച്ചതിന് കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ പ്രതികളായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷനിലെ ജീവനക്കാരുമായ ജയപ്രകാശ്, പ്രൃഥ്വി എന്നിവരെയാണ് മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യകോളജില്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ ഇരിട്ടിയിലെ വിളക്കോട് ചങ്ങാടിവയലില്‍ പി.വി മുഹമ്മദ്(23) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി മുഹമ്മദ് സുഹൃത്ത് പ്രവീണിനോടൊപ്പം ടൗണില്‍ നിന്ന് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ കദ്രിയില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ പേര് ചോദിക്കുകയും പേര് പറഞ്ഞപ്പോള്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളോട് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഏതാനുംദിവസം മുമ്പ് ബീച്ചില്‍ പോയി മടങ്ങുകയായിരുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളെ സൂറത്കല്‍ ടോള്‍ ബൂത്തിന് സമീപം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ബജ്‌റംഗ്ദള്‍ ജില്ലാ നേതാവുള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്ത മതത്തില്‍പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് യാത്ര ചെയ്തത് എന്തിനാണെന്ന് ചോദിച്ചായിരുന്നു അക്രമം.

ഗുജറാത്തില്‍ രണ്ട് മദ്‌റസാ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയത്. അഹമ്മദാബാദ് ജില്ലയിലെ പല്‍ഡിയില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഉമര്‍(17), കൈസര്‍(16) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകമായി പരിക്കേറ്റ ഉമറിനെ രണ്ട് സര്‍ജറിക്ക് വിധേയനാക്കി.

'കുര്‍ത്തയും പൈജാമയും തൊപ്പിയും ധരിച്ചത് കൊണ്ടാണ് അക്രമികള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടത്'. ഉമറിന്റെ പിതാവ് മുഫ്തി അബ്ദുല്‍ ഖയ്യൂം പറഞ്ഞു.

മധ്യപ്രദേശില്‍ ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് ഭീഷണപ്പെടുത്തി ഹിന്ദുത്വര്‍ മുസ് ലിം കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ പിവ്‌ഡേ കാംപെല്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് മുസ് ലിം കുടുംബത്തിന് നേരെ ആക്രമണം അരങ്ങേറിയത്. 'ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കല്‍ വേണ്ട, ഗ്രാമം വിട്ട് പോകണം' എന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമണം നടത്തിയത്. ഗ്രാമത്തിലെ താമസക്കാരായ ഏക മുസ് ലിം കുടുംബത്തെ ആര്‍എസ്എസ് നേതാക്കളുെട നേതൃത്വത്തിലെത്തിയ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അതേസമയം, ആക്രമണത്തിന് ഇരയായ കുടുംബത്തിനെതിരേയാണ് ഇന്‍ഡോര്‍ പോലിസ് കേസെടുത്തത്. ഹിന്ദുത്വരുടെ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആകാശ് എന്നയാള്‍ നല്‍കിയ കൗണ്ടര്‍ കേസിലാണ് ആക്രമണത്തിന് ഇരയായ കുടുംബത്തിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന് ട്രാക്ടര്‍ വാങ്ങുന്നതിനായി 75000 രൂപ നല്‍കിയിരുന്നെന്നും ഇത് മടക്കി നല്‍കാത്തത് ചോദിക്കാനാണ് പോയതെന്നും പരാതിയില്‍ പറയുന്നു. ആകാശ് നല്‍കിയ പരാതിയില്‍ പോലിസ് മര്‍ദനത്തിന് ഇരയായ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. അതേസമയം, അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണം എന്ന് ഭീഷണിപ്പെടുത്തിയാണ് ശനിയാഴ്ച്ച രാത്രി കുടുംബത്തിന് നേരെ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഒക്ടോബര്‍ ഒമ്പതിന് മുന്‍പ് ഗ്രാമം വിട്ട് പോകണമെന്ന് ആര്‍എസ്എസ് സംഘം കുടുംബത്തിന് അന്ത്യശാസനം നല്‍കിയിരുന്നതായി ഗ്രഹനാഥ ഫൗസിയ പറഞ്ഞു. ഒക്ടോബര്‍ 9 നകം ഗ്രാമം വിട്ടില്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആര്‍എസ്എസ് സംഘം ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു, 'ഫൗസിയ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഡല്‍ഹിയില്‍ വഴി തെറ്റി ക്ഷേത്രത്തില്‍ എത്തിയ മുസ്‌ലിം ബാലനെ ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ യതി നരസിംഗാനന്ദ സരസ്വതി ഗൂഢാലോചന ആരോപിച്ച് പോലിസില്‍ ഏല്‍പ്പിച്ച സംഭവവും അരങ്ങേറി. ഗര്‍ഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയില്‍ വന്ന ബാലനാണ് ഖാസിയാബാദിലുള്ള ദസ്‌ന ദേവി ക്ഷേത്രത്തില്‍ എത്തിയത്.

ബാലന്‍ അമ്പലത്തിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും തങ്ങളാരും കുട്ടിയെ മര്‍ദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജാരി നരസിംഗാനന്ദ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു.

'ഞങ്ങള്‍ കുട്ടിയെ പോലിസിന് കൈമാറി. അവനെ സ്പര്‍ശിച്ചിട്ടില്ല, ആരും അവനെ ആക്രമിച്ചിട്ടില്ല, ഗൂഢാലോചനയുടെ ഭാഗമായാണ് കുട്ടി ക്ഷേത്രത്തില്‍ എത്തിയത്'. നരസിംഗാനന്ദ് പറഞ്ഞു.

വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകള്‍ ഡല്‍ഹി പോലിസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനും പൂജാരിക്കെതിരെ കേസുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മൂന്ന് കേസുകളാണ് പൂജാരിക്കെതിരേ നിലവിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ആശുപത്രിയില്‍ വന്ന കുട്ടിക്ക് സ്ഥല പരിചയമില്ലാത്തതാണ് വഴി തെറ്റാന്‍ കാരണമായതെന്നും പോലിസ് പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ വെള്ളം കുടിക്കാനായി അമ്പലത്തില്‍ കയറിയ 14 വയസ്സുള്ള മുസ്‌ലിം വിഭാഗത്തിലുള്ള കുട്ടിയ്‌ക്കെതിരെ ആക്രമണം നടയത്തിനും ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ കവാടത്തില്‍ മുസ് ലിംകള്‍ക്ക് മാത്രം പ്രവേശനം നിരോധിച്ചു കൊണ്ടുള്ള വലിയ ബോര്‍ഡ് സ്ഥാപിച്ചതും വലിയ വിവാദാമായിരുന്നു.

English summery: Anti-Muslim attacks on BJP-ruled states are on the rise

Next Story

RELATED STORIES

Share it