Big stories

അമര്‍നാഥ് മേഘ വിസ്‌ഫോടനം: 15,000 പേരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു; 40 പേരെ കാണാതായി

അമര്‍നാഥ് മേഘ വിസ്‌ഫോടനം: 15,000 പേരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു; 40 പേരെ കാണാതായി
X

ശ്രീനഗര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 40 പേരെ കാണാതായിട്ടുണ്ട്. ഇതുവരെ 15,000 പേരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.

ഗുഹയ്ക്ക് സമീപം കുടുങ്ങിയ തീര്‍ഥാടകരില്‍ ഭൂരിഭാഗവും അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പഞ്ചതര്‍ണിയിലേക്ക് മാറ്റി. പരിക്കേറ്റ ഇരുപത്തിയൊന്ന് തീര്‍ഥാടകരെ ഇന്ന് രാവിലെ വിമാനമാര്‍ഗം ബാല്‍ത്താലില്‍ എത്തിച്ചു.

പതിനാറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ മഴ തുടരുകയാണ്. നാല് എന്‍ഡിആര്‍എഫ് ടീമുകളിലായി 100ലധികം പേര്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

ഇന്ത്യന്‍ ആര്‍മി, എസ്ഡിആര്‍എഫ്, സിആര്‍പിഎഫ് തുടങ്ങിയവയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.

മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയി. നിരവധിപേര്‍ പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായി കരുതുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ എഡിഎസ് ഔജ്‌ല മേഘസ്‌ഫോടന ബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) കശ്മീര്‍ വിജയ് കുമാര്‍, ഡിവിഷന്‍ കമ്മീഷണര്‍ കശ്മീര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു.

'സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്, മഴ ഇപ്പോഴും തുടരുകയാണ്. പ്രദേശം വെള്ളത്തിനടിയിലായതിനാല്‍ അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച'തായി ഐടിബിപി വക്താവ് പിആര്‍ഒ വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.

തീര്‍ത്ഥാടകരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുഃഖം രേഖപ്പെടുത്തി. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും ഉറപ്പാക്കാന്‍ കേന്ദ്ര സേനയ്ക്കും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

ജമ്മു കശ്മീര്‍ ഭരണകൂടം നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ട്, അവിടെ ആളുകള്‍ക്ക് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

Next Story

RELATED STORIES

Share it