Big stories

ബിഹാറില്‍ മൂന്ന് നില കെട്ടിടത്തില്‍ സ്‌ഫോടനം; ഏഴുപേര്‍ മരിച്ചു

ബിഹാറില്‍ മൂന്ന് നില കെട്ടിടത്തില്‍ സ്‌ഫോടനം; ഏഴുപേര്‍ മരിച്ചു
X

ഭഗല്‍പൂര്‍: ബിഹാറിലെ ഭഗല്‍പൂരില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരിക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പോലിസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി ചക് ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു സ്‌ഫോടനം. സമീപത്തുള്ള നാല് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി.

സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. പടക്കനിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് പറയുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഭഗല്‍പൂര്‍ റേഞ്ച് ഡിഐജി സുജിത് കുമാര്‍, ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍, സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ബാബു റാം എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കെട്ടിടത്തില്‍ സൂക്ഷിച്ചിരിന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്‌ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി സുജിത് കുമാര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ സ്വഭാവം വളരെ തീവ്രമായതിനാല്‍ സ്‌ഫോടകവസ്തുക്കളുടെ അളവ് വളരെ ഉയര്‍ന്നതാണെന്നാണ് കരുതുന്നത്- സുജിത് കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഏഴ് പേരില്‍ രണ്ടുപേര്‍ ഗണേഷ് പ്രസാദ് സിങ് (60), ഊര്‍മിള ദേവി (65) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള അഞ്ച് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സോണി കുമാരി (30), നവീന്‍ മണ്ഡല്‍ (32), രാഹുല്‍ കുമാര്‍ (20), ആയിഷ കുമാരി (25), റിങ്കു കുമാര്‍ ഷാ (30), വൈഷ്ണവി (30), ജയ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഭഗല്‍പൂരിലെ മായാഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കാമെന്നാണ് ലോക്കല്‍ പോലിസ് കരുതുന്നത്. സംഭവം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സ്‌ഫോടകവസ്തുക്കളുടെ സ്വഭാവം കണ്ടെത്താന്‍ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. സാംപിളുകള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ എഫ്എസ്എല്‍ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it