Big stories

അസമിലെ തടങ്കല്‍പാളയങ്ങളില്‍ മരിച്ചത് 28 പേര്‍

അസമിലെ 6 തടങ്കല്‍ പാളയങ്ങളിലായാണ് 1043 പേരെ പാര്‍പ്പിച്ചിരിക്കുന്നത്. നരഗതുല്യമായ സാഹചര്യത്തിലാണ് തടങ്കല്‍ പാളയത്തില്‍ കഴിയുന്നതെന്ന് അടുത്തിടെ മോചിതരായവര്‍ പറയുന്നു.

അസമിലെ തടങ്കല്‍പാളയങ്ങളില്‍ മരിച്ചത് 28 പേര്‍
X

ന്യൂഡല്‍ഹി: അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അസമിലെ തടങ്കല്‍പ്പാളയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മരണപ്പെട്ടവരുടെ കണക്ക് പുറത്ത് വിട്ടത്. 2016 മുതല്‍ 2019 ഒക്ടോബര്‍ 13 വരേയുള്ള കണക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടത്.

അതേസമയം, ഒമ്പത് ദിവസത്തിനിടെ തടങ്കല്‍ പാളയത്തില്‍ 55 പേര്‍ കുറഞ്ഞതായും സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1043 പേരില്‍ നിന്ന് 988 ആയി കുറഞ്ഞതായാണ് സര്‍ക്കാര്‍ കണക്ക്.

ഇക്കഴിഞ്ഞ നവംബര്‍ 25ന് ഏഴ് പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മൂന്ന് വര്‍ഷം തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞവരെ സോപാധികമായി മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഏഴ് പേരെ മോചിപ്പിച്ചത്.

നവംബര്‍ 25 ന് ബൊംഗൈഗാവ് ജില്ലയില്‍ നിന്നുള്ള ഏഴ് തടവുകാരെ ഗോള്‍പാറ തടങ്കലില്‍ നിന്ന് വിട്ടയച്ചതായി പ്രതിഡിന്‍ സാങ്ബാദ് റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്‌വര്‍ അലി (ജോഗീഗോപ പോലിസ് സ്‌റ്റേഷന് കീഴിലുള്ള ഡുബി ഗ്രാമം), അലി അക്ബര്‍ (സത്പാറ ഗ്രാമം), സാരു ഷെയ്ഖ് (പല്ലിര്‍ട്ടാല്‍), മാനിക്ജന്‍ ബീബി (മണിക്പൂര്‍ ഹപച്ചാര), നിരഞ്ജന്‍ ബാര്‍മാന്‍ (അഭയപുരി), നസിറുദ്ദീന്‍ (മെറെര്‍ ചാര്‍), ജലദുര്‍ എന്നിവരേയാണ് മോചിപ്പിച്ചത്.

അസമിലെ 6 തടങ്കല്‍ പാളയങ്ങളിലായാണ് 1043 പേരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ 55 പേരെ മോചിപ്പിച്ചു. നരഗതുല്യമായ സാഹചര്യത്തിലാണ് തടങ്കല്‍ പാളയത്തില്‍ കഴിയുന്നതെന്ന് അടുത്തിടെ മോചിതരായവര്‍ പറയുന്നു. 'ഭക്ഷണം മോശം ഗുണനിലവാരമുള്ളതായിരുന്നു, തടവിലാക്കപ്പെട്ട സമയത്ത് എന്റെ ആരോഗ്യം ക്ഷയിച്ചു'. ഒരു തടങ്കല്‍പ്പാളയത്തില്‍ നിന്ന് മോചിതനായ മജിബുര്‍ റഹ്മാന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയുടെ കൂടേയാണ് തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതും തന്റേയും കുട്ടിയുടേയും ജീവന് ഭീഷണിയുണ്ടെന്നും മറ്റൊരു തടങ്കല്‍ പാളയത്തിലെ ഗര്‍ഭിണിയായ യുവതി പറയുന്നു.

Next Story

RELATED STORIES

Share it