ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ രാം രാജല്ലെന്നും നാഥുറാം രാജാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് പുറമെ, പോലിസും നിരപരാധികളെ കൊലപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പുഷ്പേന്ദ്ര യാദവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
എന്ത് രാം രാജാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. ഇത് രാം രാജല്ല, നാഥുറാം രാജാണ്. പോലിസും ആള്‍ക്കൂട്ടവും നിരപരാധികളെ തല്ലിക്കൊല്ലുകയാണ്. ഉന്നാവ് കേസിലെ പെണ്‍കുട്ടിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. ചിന്മയാനന്ദ് കേസില്‍ പരാതി നല്കിയ പെണ്‍കുട്ടി ജയിലിലാണെന്നും അഖിലേഷ് പറഞ്ഞു.
ഞായറാഴ്ചയാണ് പുഷ്പേന്ദ്ര യാദവിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. പുഷ്പേന്ദ്ര യാദവ് മണല്‍മാഫിയ തലവനാണെന്നും ട്രക്ക് പിടിച്ചെടുത്തപ്പോള്‍ പോലിസിന് നേരെ വെടിവച്ചപ്പോള്‍ തിരിച്ചും വെടിവച്ചെന്നുമാണ് പോലിസ് ഭാഷ്യം. എന്നാല്‍ പോലിസിന്റെ വാദം കുടുംബം തള്ളി. പോലിസ് ഓഫിസര്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് വെടിവെച്ച് കൊന്നതെന്ന് ഭാര്യ പറഞ്ഞു.