കൂട്ടമതംമാറ്റം ആരോപിച്ച് യുപിയില്‍ ഏഴ് ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു

Update: 2024-02-06 11:38 GMT

ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ 300 പേരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ബാരാബങ്കിയില്‍ എത്തിയവരെ രോഗശുശ്രൂഷയ്ക്കും മറ്റുമെന്ന വ്യാജേന

മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണം. ഫാദര്‍ ഡൊമിനിക് പിന്റോ, ധര്‍മ്മരാജ്, സുരേന്ദ്ര, ഘനശ്യാം ഗൗതം, പവന്‍, സൂരജ്, സര്‍ജു പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഫാദര്‍ പിന്റോ ഒഴികെയുള്ളവരെല്ലാം അയോധ്യയില്‍ നിന്നുള്ളവരാണ്. ബാരാബങ്കിയിലെ ദേവ ഏരിയയിലെ സെന്റ് മാത്യൂസ് കോളജിന് സമീപമുള്ള നവിന്താ പ്രാര്‍ഥനാ ഹാളിലും പള്ളിയിലും ഫാദര്‍ പിന്റോയുടെ മേല്‍നോട്ടത്തില്‍ മതപരിവര്‍ത്തന ശ്രമം നടന്നെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെ കുറിച്ച് അറിഞ്ഞ ഹിന്ദു സംഘടനകള്‍ പ്രാര്‍ഥന തടയുകയും പോലിസ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

ഏഴുപേരെ കസ്റ്റഡിയിലെടുത്ത പോലിസ് ഇവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം(2021), ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവരമറിഞ്ഞ് സെന്റ് മാത്യൂസ് പള്ളിയില്‍ എത്തിയ പോലിസ് സംഘം മതപരിവര്‍ത്തന ശ്രമം പരാജയപ്പെടുത്തിയതായി പോലിസ് പറഞ്ഞു. 'ഏഴ് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: