യുപിയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് കത്തി എട്ടുപേര്‍ വെന്തുമരിച്ചു

Update: 2023-12-10 08:46 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഭോജിപുരയ്ക്ക് സമീപം കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് കത്തി എട്ടുപേര്‍ വെന്തുമരിച്ചു. ബറേലി-നൈനിറ്റാള്‍ ദേശീയപാതയിലുണ്ടായ ദാരുണാപകടത്തിലാണ് ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ബറെയ്‌ലിയിലെ ബഹേഡി ജില്ലയിലെ ഡബോറ ഗ്രാമത്തില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. കാര്‍ സെന്‍ട്രല്‍ ലോക്ക് ആയതിനാല്‍ അകത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് പോലിസ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്ന് മണല്‍ കയറ്റി വന്ന ട്രക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ട്രക്കിന്റെ ഡമ്പറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ടയര്‍ പൊട്ടുകയും കാര്‍ ഹൈവേയുടെ എതിര്‍വശത്ത് നിന്ന് തെന്നിമാറുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് പോലിസിനെ വിവരം അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലിസും അഗ്‌നരക്ഷാസേനയും തീയണച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും ബറേലി എസ്എസ്പി ഗുലെ സുശീല്‍ ചന്ദ്രഭന്‍ പറഞ്ഞു.

Tags: