പശുവിന്റെ പേരില്‍ ഹിന്ദുത്വ ആക്രമണം; ഇരകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എസ്ഡിപിഐ

ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായവരുടെ വീടുകള്‍ എസ്ഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സംസ്ഥാന സമിതി അംഗവും ജബല്‍പൂര്‍ ജില്ലാ സെക്രട്ടറിയുമായ കരീമുല്ല, ജബല്‍പൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഅ്മിന്‍, ദില്‍ഷാദ്, അസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Update: 2019-05-27 12:03 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണിയില്‍ പശു ഇറച്ചിയുടെ പേരില്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്ഡിപിഐ. ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായവരുടെ വീടുകള്‍ എസ്ഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സംസ്ഥാന സമിതി അംഗവും ജബല്‍പൂര്‍ ജില്ലാ സെക്രട്ടറിയുമായ കരീമുല്ല, ജബല്‍പൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഅ്മിന്‍, ദില്‍ഷാദ്, അസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

മെയ് 22നാണ് പശുവിറച്ചി കൈവശം വച്ചുവെന്നാരോപിച്ച് ഒരു സ്ത്രീയടക്കം മൂന്നുപേരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിരയായ തൗഫീഖ്, അഞ്ജും ഷാമ, ദിലീപ് മളവിയ്യ ഉള്‍പ്പെടെയുള്ളവരെയാണ് ഗോവധ നിരോധന നിയമപ്രകാരം പോലിസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് അക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ രാമസേനാ നേതാവ് ശുഭം ഭാഗേല്‍ ഉള്‍പ്പെടെ അഞ്ചുപേരെയും പോലിസ് അറസ്റ്റ് ചെയ്തു.



തികച്ചും ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന തൗഫീഖും അഞ്ജും ഷാമയും ഇറച്ചിക്കച്ചവടത്തെ ആശ്രയിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. അക്രമികളില്‍പ്പെട്ട ചിലരും ഇറച്ചി കച്ചവടക്കാരാണ്. അതോടൊപ്പം ഗോരക്ഷാ പ്രവര്‍ത്തനവും ഉണ്ട്. കച്ചവടത്തിലെ വിരോധവും അക്രമത്തിന് ഹേതുവായതായാണ് കരുതുന്നത്.

ഇറച്ചിയുമായി പോകുന്നവരെ ഓട്ടോയില്‍ നിന്ന് വലിച്ചറക്കി തൂണില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. യുവതിയെ ചെരിപ്പ് കൊണ്ട് മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇരകള്‍ക്ക് ആവശ്യമായ എല്ലാ നിയമസഹായവും നല്‍കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. അക്രമികള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നാളെ മധ്യപ്രദേശ് തലസ്ഥാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മധ്യപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഊഫ് തേജസ് ന്യൂസിനോട് പറഞ്ഞു.  

Tags:    

Similar News