കണ്ണൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍: 21ന് വിമാന കമ്പനികളുടെ യോഗം

കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

Update: 2019-01-19 10:52 GMT

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വിമാനകമ്പനികളുടെ യോഗം നടത്തും. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയ അധികൃതരും യോഗത്തില്‍ പങ്കെടുക്കും. വിദേശ വിമാന കമ്പനികളുടെ സര്‍വീസ് തുടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം പരിഗണിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമെ തെക്കുകിഴക്കന്‍ ഏഷ്യ, ഗള്‍ഫ് രാജ്യങ്ങളിലെ വിമാന കമ്പനികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.    

    അതേസമയം, കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ആവശ്യമായ കേന്ദ്രാനുമതികള്‍ ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ കിയാല്‍ ഓഹരി ഉടമകളുടെ ഒമ്പതാമത് വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു. എല്ലാ തരത്തിലും ആധുനികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സംവിധാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര ലൈനുകള്‍ ആരംഭിക്കണം. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നത്. ഗോ എയര്‍ ആഭ്യന്തര സര്‍വീസും നടത്തുന്നുണ്ട്. ഇന്റിഗോ കൂടി ഉടന്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ഗോ എയറും ഇന്റിഗോയും അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ ആരംഭിക്കാന്‍ തയ്യാറാണ്. എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനാവശ്യമായ പ്രാഥമിക പഠനം നടത്തുന്നുണ്ട്. പ്രവാസികളുടെ യാത്രാസൗകര്യവുംഅയല്‍സംസ്ഥാനത്തേതടക്കമുള്ള വ്യവസായങ്ങളുടെ കയറ്റുമതി സാധ്യതയും മുന്‍ നിര്‍ത്തി ആരംഭിച്ചിട്ടുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ സാധ്യത പ്രയോജനപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര ലൈനുകള്‍ ആരംഭിച്ചേ മതിയാവൂ. സര്‍ക്കാര്‍ അതിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല. ഇതിനുള്ള ഇടപെടലുകള്‍ ദ്രുതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍ എന്നീ സെക്ടറുകളിലേക്കാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ബഹ്‌റയ്ന്‍, കുവൈത്ത് അടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് തുടങ്ങണം. അതോടൊപ്പം മറ്റ് രാജ്യങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ കഴിയണം. ഫ്‌ളൈറ്റുകളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിക്കേണ്ടത് വിമാനത്താവളത്തെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്. അതിന് സംസ്ഥാനത്തിന് തൊട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നടക്കം യാത്രക്കാര്‍ ഈ വിമാനത്താവളത്തിലേക്ക് എത്തണം. വ്യവസായങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയണം. ഇതിനായി വിമാനത്താവളത്തിനടുത്ത് വലിയ ഒരു സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അത് മറ്റ് വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ടിയാണ്. കണ്ണൂരിന് പുറമെ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

     വിമാനത്താവളത്തിലെ ആദ്യ കാര്‍ഗോ കോംപ്ലക്‌സ് രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാവുമെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. കിയാലിന്റെ ഓഹരി മൂലധനം 1500 കോടിയില്‍ നിന്ന് 3500 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പ്രമേയം പൊതുയോഗത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡയറക്ടര്‍മാരായ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ മന്ത്രി കെ കെ ശൈലജ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ഡയറക്ടര്‍മാരായ അനന്തകൃഷ്ണന്‍(ബിപിസിഎല്‍), ഹസ്സന്‍കുഞ്ഞി, കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് പങ്കെടുത്തു.




Tags: