രഞ്ജന്‍ ഗൊഗോയ് എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗൊഗോയിയുടെ സഹോദരനും സഹമന്ത്രിക്ക് സമാനമായ പദവി ലഭിച്ചത് ചര്‍ച്ചയായിരിക്കുകയാണ്.

Update: 2020-03-19 05:58 GMT

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണ് ഗൊഗോയ്. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു.

ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത് ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹരജിയും സമര്‍പ്പിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മധുപൂര്‍ണിമ കിഷ്വാറാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്നതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിരമിച്ചശേഷം ജഡ്ജിമാര്‍ പദവികള്‍ സ്വീകരിക്കുന്നത് രാജ്യത്തെ കോടതികളുടെ സ്വാതന്ത്ര്യത്തിനു കളങ്കമേല്‍പ്പിക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

അതേസമയം ഗൊഗോയിയുടെ സഹോദരനും സഹമന്ത്രിക്ക് സമാനമായ പദവി ലഭിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതിന് രണ്ട് മാസം മുമ്പു തന്നെ അദ്ദേഹത്തിന്റെ സഹോദരനും റിട്ട. എയര്‍ മാര്‍ഷല്‍ അഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി ഭവന്‍ സഹമന്ത്രിക്ക് സമാനമായ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള നോഡല്‍ ഏജന്‍സിയായ എന്‍ഇസിയിലെ ഒരു മുഴുവന്‍ സമയ അംഗമായിട്ടാണ് അഞ്ജന്‍ ഗൊഗോയിയെ നാമനിര്‍ദേശം ചെയ്തത്. 

Tags:    

Similar News