അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ല: രഞ്ജന്‍ ഗോഗോയ്

രാജ്യസഭാംഗത്വം സ്വീകരിച്ചത് രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയായി കാണരുതെന്നും രഞ്ജന്‍ ഗോഗോയ് വിശദീകരിച്ചു.

Update: 2020-08-23 10:22 GMT

ഗുവാഹത്തി: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി. 'ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല, അത്തരം ആഗ്രഹമോ ഉദ്ദേശ്യമോ ഇല്ല. അത്തരമൊരു സാധ്യത ആരും എന്നോട് പറഞ്ഞിട്ടില്ല' - 'ഇന്ത്യാ ടുഡേ'ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യസഭാംഗത്വം സ്വീകരിച്ചത് രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയായി കാണരുതെന്നും  രഞ്ജന്‍ ഗോഗോയ് വിശദീകരിച്ചു. രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗവും സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നോമിനിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് നിര്‍ഭാഗ്യകരമാണ്. ഞാന്‍ ബോധപൂര്‍വ്വം രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവഴി എന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കകാന്‍ അവസരം ലഭിക്കുന്നു. എന്നാല്‍ അത് എന്നെ രാഷ്ട്രീയക്കാരനാക്കുമോ? ' രഞ്ജന്‍ ഗോഗോയ് ചോദിച്ചു. 

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ രഞ്ജന്‍ ഗോഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കാം എന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ് പറഞ്ഞിരുന്നു.'ബാബരി മസ്ജിദ് വിധിന്യായത്തില്‍ ബിജെപി രഞ്ജന്‍ ഗോഗോയിയോട് സന്തുഷ്ടനാണ്. അതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ആയി വിരമിച്ച ശേഷം അദ്ദേഹത്തെ രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്തത്. രാജ്യസഭാ എംപിയാകാന്‍ സമ്മതിച്ചതു വഴി രഞ്ജന്‍ ഗോഗോയി സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് കാണിക്കുകയാണ് ചെയ്തതെന്നും' തരുണ്‍ ഗോഗോയ് പറഞ്ഞിരുന്നു. 

Tags:    

Similar News