കള്ളവോട്ടില്‍ ഇരുമുന്നണികളും പെട്ടു; തല്‍ക്കാലം വെടിനിര്‍ത്തി തലയൂരാന്‍ തീരുമാനം

കാലങ്ങളായി കള്ളവോട്ട് ചെയ്തുവരുന്ന രണ്ടുകൂട്ടരുടെയും കള്ളിവെളിച്ചത്താവുമെന്ന് കണ്ടതോടെയാണ് തല്‍ക്കാലം വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം ചെളിവാരിയെറിയാതെ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.

Update: 2019-05-04 03:52 GMT

കണ്ണൂര്‍: സിപിഎമ്മിനെതിരേ കള്ളവോട്ട് ആരോപണമവുമായി പ്രചാരണം ശക്തമാക്കിയ യുഡിഎഫ്, ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതോടെ വെട്ടിലായി. ഇതോടെ ഏകപക്ഷീയമായി സിപിഎം കള്ളവോട്ട് നടത്തുന്നു എന്ന യുഡിഎഫ് ആക്ഷേപത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. കാലങ്ങളായി കള്ളവോട്ട് ചെയ്തുവരുന്ന രണ്ടുകൂട്ടരുടെയും കള്ളിവെളിച്ചത്താവുമെന്ന് കണ്ടതോടെയാണ് തല്‍ക്കാലം വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം ചെളിവാരിയെറിയാതെ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.

കണ്ണൂരിലും കാസര്‍കോടും ഓരോ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും സിപിഎമ്മിനെതിരെയും തിരിച്ചും കള്ളവോട്ട് ആരോപണം ഉയരാറുണ്ട്. എന്നാല്‍, ഇത്തവണ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വലിയ ചര്‍ച്ചയായി മാറിയത്. ആദ്യം ഓപ്പണ്‍ വോട്ടാണെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തെളിവുകള്‍ മുഴുവന്‍ എതിരായി മാറി. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൂടി എത്തിയതോടെ നില്‍ക്കക്കള്ളിയില്ലാതായി. അതിനാലാണ് രാഷ്ട്രീയ പ്രതിരോധത്തിനൊപ്പം എതിരാളികള്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ തേടിപ്പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ച് സിപിഎം പുതിയ പോര്‍മുഖം തുറന്നത്.

കല്യാശേരിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെ എല്‍ഡിഎഫ് ഏകപക്ഷീയമായി കള്ളവോട്ട് ചെയ്യുന്നുവെന്ന യുഡിഎഫ് ആരോപണത്തിന്റെ മുനയൊടിഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും കണ്ണൂരില്‍ സുധാകരന്‍ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതിനാല്‍ വോട്ടെണ്ണിക്കഴിഞ്ഞ് ഫലം എതിരായാല്‍ മാത്രം ഇനി കള്ളവോട്ട് വിഷയം സജീവമാക്കാമെന്നാണ് കോണ്‍ഗ്രസ് ക്യാംപിലെ ആലോചന

രണ്ടു മുന്നണികളിലെയും മൂന്ന് വീതം പേര്‍ കള്ളവോട്ട് ചെയ്തു എന്നാണ് കമ്മീഷന്‍ ഇതുവരെ കണ്ടെത്തിയത്. എല്‍ഡിഎഫും യുഡിഎഫും എതിരാളികളുടെ കൂടുതല്‍ കള്ളവോട്ട് ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും വിവാദം തല്‍ക്കാലം തണുപ്പിച്ച് നിര്‍ത്താനാകും മുന്നണികളുടെ ശ്രമം. മെയ് 23ന് ജയപരാജയങ്ങള്‍ അറിഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ധാരണ. 

Tags:    

Similar News