മുസ്‌ലിംകളെ കൊന്നുതള്ളുന്നവരാണ് മുത്തലാഖ് ബിൽ കൊണ്ടുവന്നത്; ബിനോയ് വിശ്വം എംപി

മുസ്‌ലിംകളെല്ലാം പാകിസ്ഥാനിൽ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്‌ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഇവർ രാജ്യത്തെമ്പാടും മുസ്‌ലിംകളെ കൊന്നുതള്ളുകയാണ്.

Update: 2019-07-31 08:34 GMT

ന്യുഡൽഹി: മുത്തലാഖ് ബിൽ ബിജെപിയുടെ മുതലക്കണ്ണീരാണെന്ന് ബിനോയ് വിശ്വം എംപി. ബിൽ അവതരിപ്പിച്ചതിന് പിന്നാലെയുള്ള ചർച്ചയിലാണ് സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ ബിനോയ് വിശ്വം ആർഎസ്എസിനെ കടന്നാക്രമിച്ചത്. മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തിനാണെന്ന് പറയുന്ന ബിജെപി എന്തുകൊണ്ടാണ് ആര്‍എസ്എസില്‍ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.

മുസ്‌ലിംകളെല്ലാം പാകിസ്ഥാനിൽ പോകണമെന്ന് ആക്രോശിക്കുന്ന ആശയശാസ്ത്രം പേറുന്നവരാണ് മുസ്‌ലിം വനിതകളുടെ ശാക്തീകരണം പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. സ്ത്രീ-പുരുഷ ഭേദമെന്യേ ഇവർ രാജ്യത്തെമ്പാടും മുസ്‌ലിംകളെ കൊന്നുതള്ളുകയാണ്. ഒരൊറ്റ രാജ്യം, ഒരൊറ്റ മതം എന്ന് പറയുന്നവരാണ് പാർലിമെന്റിൽ വന്ന് മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണത്തിനാണ് ഈ ബിൽ എന്നവകാശപ്പെടുന്നത്, ഇത് വിശ്വസിക്കാൻ ആകില്ല.

ഇഹ്‌സാൻ ജെഫ്രിയെയും ബൽക്കിസ് ബാനുവിനെയും ഈ സർക്കാരിന് അറിയുമോ?. ഇവർ രണ്ടുപേരും സ്ത്രീകളാണ്, വെറും സ്ത്രീകളല്ല മുസ്‌ലിം സ്ത്രീകൾ. അവർക്ക് രണ്ടുപേർക്കും ഭർത്താക്കളില്ല, അവർ വിവാഹ ബന്ധം വേർപെടുത്തിയവരല്ല. അവരുടെ ഭർത്താക്കന്മാരെ കൊന്നതാണ്, കൊന്നവർ ഒരു മതത്തിന് മാത്രം ആധിപത്യം വേണമെന്ന് വിളിച്ചു പറയുന്നവരാണ്. ഈ രണ്ട് സ്ത്രീകളെ സംരക്ഷിക്കാൻ ഈ സർക്കാർ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Full View

മുത്തലാഖ് ഓര്‍ഡിനന്‍സിന് പകരമുള്ള നിയമം രാജ്യസഭ അംഗീകരിച്ചു. ബില്ലിനെ 99 പേര്‍ അനുകൂലിച്ചപ്പോള്‍ 84 പേര്‍ എതിര്‍ത്തു. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കുന്നതാണ് ബില്‍. മുസ്‌ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പോലിസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്. പ്രതിപക്ഷത്തെ ഭിന്നതയാണ് ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് തുണയായത്. എഐഎഡിഎകെ, ജെഡിയു കക്ഷികള്‍ സഭവിട്ടു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. 

Tags:    

Similar News