മുത്ത്വലാഖ്: രാജ്യത്തെ രണ്ടാമത്തെ കേസ് പരപ്പനങ്ങാടി കോടതിയില്‍

മുത്ത്വലാഖ് ബില്ലിനെതിരെ പാര്‍ലമെന്റിലടക്കം പ്രതിഷേധം തീര്‍ത്ത മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവ് തന്നെ ഈ നിയമത്തിന്റെ പേരില്‍ കേസുമായി രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്.

Update: 2019-09-06 14:28 GMT

പരപ്പനങ്ങാടി: മുത്ത്വലാഖ് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്തെ രണ്ടാമത്തെ കേസ് പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തു. മുസ്‌ലിം ലീഗ് നേതാവും, മുന്‍ സീനിയര്‍ പ്ലീനറുമായ അഡ്വ: കെ കെ സൈതലവി മുഖേനയാണ് കടലുണ്ടി ആനങ്ങാടി സ്വദേശിനി പീടിയേക്കല്‍ ഫസീല (23) ഭര്‍ത്താവ് താനൂര്‍ കാളാട് പട്ടാരിപറമ്പ് ഹസീന മന്‍സില്‍ പപ്പടകത്ത് അബ്ദുസമ്മദി(29)നെതിരെ മുത്ത്വലാഖ് ചൊല്ലിയെന്ന പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ കോളജ് പഠനകാലത്ത് വിവാഹം നടക്കുമ്പോള്‍ തുടര്‍ പഠനത്തിന് അനുവദിക്കുമെന്ന ഉറപ്പിലാണ് യുവാവുമായി ജീവിതം ആരംഭിച്ചത്. എന്നാല്‍ പിന്നീട് തുടര്‍ പഠനത്തിന് അനുവദിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ പരീക്ഷ സമയം യുവതിയുടെ വീട്ടിലേക്ക് വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ബന്ധത്തിന് കോട്ടം സംഭവിക്കുകയും മുത്ത്വലാക്ക് ബില്ല് വരുന്നതിന് മുന്‍പ് വിവാഹം വേര്‍പെടുത്തിയെന്ന് കാണിച്ച് യുവാവ് കത്തയക്കുകയായിരുന്നു.

ഇതില്‍ മുത്ത്വലാഖ് ചൊല്ലിയതായി കണ്ട് പരപ്പനങ്ങാടി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ടി പി സബിത അന്വേഷണത്തിന് ഉത്തരവിട്ടു. പരപ്പനങ്ങാടി പോലിസിനോട് കേസ് അന്യേഷിച്ച് യുവാവിനെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുത്ത്വലാഖ് ബില്ലിനെതിരെ പാര്‍ലമെന്റിലടക്കം പ്രതിഷേധം തീര്‍ത്ത മുസ്‌ലിം ലീഗിന്റെ പ്രാദേശിക നേതാവ് തന്നെ ഈ നിയമത്തിന്റെ പേരില്‍ കേസുമായി രംഗത്ത് വന്നത് വിവാദമായിരിക്കുകയാണ്.




Tags:    

Similar News