സര്‍ഫാസി നിയമത്തിനെതിരേ പരാതിയുമായി ഇരകള്‍; ആറുമാസത്തിനകം സര്‍ക്കാരിന് റിപോര്‍ട്ട് സര്‍പ്പിക്കുമെന്ന് നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി

സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്ന പ്രീത ഷാജിയുടെ വീട് സന്ദര്‍ശനത്തിനു ശേഷമാണ് ശര്‍മ ഇക്കാര്യം അറിയിച്ചത്. വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സര്‍ഫാസി നിയമത്തിന്റെ സാമൂഹ്യ, സാമ്പത്തിക, നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരിക്കും റിപോര്‍ട്ട് നല്‍കുകയെന്ന് എസ് ശര്‍മ പറഞ്ഞു.

Update: 2019-01-15 10:33 GMT

കൊച്ചി: സര്‍ഫാസി നിയമപ്രകാരം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷങ്ങള്‍ പഠിക്കാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി ആറുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ എസ് ശര്‍മ. സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്ന പ്രീത ഷാജിയുടെ വീട് സന്ദര്‍ശനത്തിനു ശേഷമാണ് ശര്‍മ ഇക്കാര്യം അറിയിച്ചത്. വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സര്‍ഫാസി നിയമത്തിന്റെ സാമൂഹ്യ, സാമ്പത്തിക, നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരിക്കും റിപോര്‍ട്ട് നല്‍കുകയെന്ന് എസ് ശര്‍മ പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമത്തിന്റെ മറവില്‍ വളരെയധികം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഇരകളായിത്തീരുന്നു. അവരുടെ ദുരിതങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പുറത്തുവരുന്നുണ്ട്. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കമ്മിറ്റി നടത്തുന്ന പഠനത്തിന് സാധിക്കുമെന്ന് എംഎല്‍എ പറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഉദ്യോഗസ്ഥ ബന്ധം പുറത്തുകൊണ്ടുവരിക, സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളും കമ്മിറ്റി പരിഗണിക്കും. വിശദമായ പഠനത്തിനുശേഷം സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കും. എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, ജെയിംസ് മാത്യു, എ പ്രദീപ് കുമാര്‍, സി കെ ശശീന്ദ്രന്‍, വി ഡി സതീശന്‍, എം ഉമ്മര്‍, എസ് ശര്‍മ എന്നിവരടങ്ങുന്ന സംഘം രാവിലെ 10.30 ഓടെ പ്രീതാ ഷാജിയുടെ വീട് സന്ദര്‍ശിച്ചു.

സര്‍ഫാസി നിയമം മൂലം നടപടി നേരിടുന്ന പ്രീത ഷാജി അടക്കമുള്ള വ്യക്തികള്‍ സമിതിക്ക് മുമ്പാകെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. സുഹൃത്തിന് രണ്ടുലക്ഷം രൂപയ്ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിനെ തുടര്‍ന്നാണ് 18.5 സെന്റ് സ്ഥലവും കിടപ്പാടവും പ്രീതാ ഷാജിക്ക് നഷ്ടപ്പെട്ടത്. സര്‍ഫാസി നിയമത്തിനെതിരേ സര്‍ക്കാരില്‍നിന്ന് അടിയന്തരമായി ഇടപെടല്‍ വേണമെന്ന് ജില്ലാ കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ജപ്തി അടക്കമുള്ള നിയമനടപടികള്‍ നിര്‍ത്തിവച്ച് മോറട്ടോറിയം പ്രഖ്യാപിക്കണം. നിയമനടപടികള്‍ നേരിടുന്ന 18 പേരാണ് കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പില്‍ പരാതികള്‍ സമര്‍പ്പിച്ചത്. നടപടി നേരിടുന്നവര്‍ പണം തിരിച്ചടയ്ക്കാന്‍ തയ്യാറായ ശേഷവും ബാങ്കുകള്‍ പലപ്പോഴും ആസ്തി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഇരകളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും എസ് ശര്‍മ പറഞ്ഞു.








Tags:    

Similar News