ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍

Update: 2022-08-30 02:15 GMT

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ഇന്ന് നിയമസഭയില്‍ മടങ്ങിയെത്തും. അഴിമതിക്കേസില്‍ ലോകായുക്ത വിധിയോടെ പൊതുപ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്ന നിയമത്തിലെ 14ാം വകുപ്പാണ് എടുത്തുകളയുന്നത്. ലോകായുക്തയുടെ വിധിയില്‍ അപ്പീല്‍ അധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും സര്‍ക്കാരിനെയും ചുമതലപ്പെടുത്തുന്ന ഭേദഗതി വ്യവസ്ഥകളോടെയാണ് ബില്ലെത്തുന്നത്.

പകരം മുഖ്യമന്ത്രിക്കെതിരായ വിധിയാണെങ്കില്‍ പുനപ്പരിശോധന അധികാരം നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരായ വിധിയാണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരായ വിധി സ്പീക്കര്‍ക്കും നല്‍കുന്നതാണ് ഭേദഗതി. സഭ ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കും. രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ലോകായുക്തയുടെ പരിധിയില്‍ നിന്നൊഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ബില്‍ പരിശോധിച്ച സബ്ജക്ട് കമ്മിറ്റി നിര്‍ദേശിച്ച ഈ ഭേദഗതികളുള്ള ബില്ലില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ലോകായുക്ത വിധി ഇതുവരെ അന്തിമമായിരുന്നു. വിധി നടപ്പാക്കാന്‍ കോംപിറ്റന്റ് അതോറിറ്റികളായ ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ നിര്‍ബന്ധിതരാവുന്നതായിരുന്നു വ്യവസ്ഥ. ഇതിലാണ് ഭേദഗതി വരുത്തിയത്. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ ബില്‍ പാസ്സാവുമെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

Tags: