മോഹന്‍ലാലിനെതിരെ പെരുമ്പാവൂര്‍ കോടതിയിലുള്ള ആനക്കൊമ്പ് കേസ് എന്തു കൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് ഹൈക്കോടതി

2011 ജൂണ്‍ 12 നു നടന്ന സംഭവത്തില്‍ മേക്കപ്പാറ ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍നടപടിയില്ലെങ്കില്‍ എന്തുകൊണ്ടു അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു. 2012-ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാതെനീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു

Update: 2019-07-29 14:04 GMT

കൊച്ചി: മോഹന്‍ലാലിനെതിരായി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. 2011 ജൂണ്‍ 12 നു നടന്ന സംഭവത്തില്‍ മേക്കപ്പാറ ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നു പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ തുടര്‍നടപടിയില്ലെങ്കില്‍ എന്തുകൊണ്ടു അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു. 2012-ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

കേസില്‍ പുതുതായി കക്ഷിചേരണമെന്നാവശ്യപ്പെട്ടു രണ്ടു പേര്‍ സമര്‍പ്പിച്ച ഹരജി കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. കേസ് പരിഗണനയിലിരിക്കുന്ന മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഹൈക്കോടതി കേസിന്റെ റിപോര്‍ട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ സ്വദേശി അന്തിക്കാട് പൗലോസ് അഭിഭാഷകരായ  ഡോ. എബ്രഹാം ബി മേച്ചിങ്കര, എം വി ലാലു മാത്യൂസ് എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. നേരത്തേ ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹരജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. കേസ് ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Tags:    

Similar News