ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു; നിയമ നടപടി നേരിടാന്‍ തയ്യാര്‍: വി ഡി സതീശന്‍

നോട്ടീസ് അയച്ച് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. അത് കൈയ്യില്‍ വെച്ചാല്‍ മതി.താന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു

Update: 2022-07-09 06:26 GMT

കൊച്ചി:ആര്‍എസ്എസ് തനിക്ക് അയച്ചിരിക്കുന്ന നോട്ടീസ് അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്‌സിന്റെ മലയാള പരിഭാഷയായ വിചാര ധാര എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സജി ചെറിയാന്‍ പറഞ്ഞത് എന്നായിരുന്നു താന്‍ ആരോപിച്ചിരുന്നത്.വളരെ വിചിത്രമായ നോട്ടീസാണ് തനിക്ക് കിട്ടിയിരിക്കുന്നത്.വക്കീല്‍ നോട്ടീസ് അല്ല.ആര്‍എസ്എസിന്റെ സംസ്ഥാന കമ്മിറ്റി തന്നെ ഒരുനോട്ടീസ് തനിക്ക് അയച്ചിരിക്കുകയാണ്.താന്‍ പറഞ്ഞത് തെറ്റാണ് അത് പിന്‍വലിക്കണം.ഇനി മേലില്‍ ഇത്തരത്തില്‍ പറയരുത് എന്നിങ്ങനെ ചില ഭീഷണികളൊക്കെയായിട്ടാണ് കത്ത് അയച്ചിരിക്കുന്നത്.ആ കത്ത് അര്‍ഹിക്കുന്ന അവജ്ഞയോടെ താന്‍ തള്ളിക്കളയുന്നു.ഇത് സംബന്ധിച്ച് ഏതു നിയമ നടപടി നേരിടാനും താന്‍ തയ്യാറാണ്.

നോട്ടീസ് അയച്ച് തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ട. അത് കൈയ്യില്‍ വെച്ചാല്‍ മതി.താന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.ആര്‍എസ്എസും കേരളത്തിലെ സിപിഎമ്മും സൈദ്ധാന്തികമായി ഒരേ തലത്തിലാണ് സഞ്ചരിക്കുന്നത്.ഇതിന്റെ ഉത്തമ ഉദാഹരണമാണ് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം.കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സജി ചെറിയാനെ പുകഴ്ത്തുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്.

സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശം ഇതുവരെ അദ്ദേഹം പിന്‍വലിച്ചിട്ടില്ല.തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന നിലപാടാണ് അദ്ദേഹം രാജിവെച്ചപ്പോഴും സ്വീകരിച്ചത്.സജി ചെറിയാന്റെ പരമര്‍ശം തെറ്റാണെന്ന് സിപിഎം വ്യക്തമായി ഇതുവരെ പറഞ്ഞിട്ടില്ല.മുഖ്യമന്ത്രിയും ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ നിന്നും ഒരു മന്ത്രി രാജിവെച്ച് പോയിട്ട് അതിനെക്കുറിച്ച് ഇതുവരെ ഒന്നും പറയാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.മൗനം ആയുധമാക്കി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അതാണ് കേരളത്തില്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News