ആനക്കൊമ്പ് കേസ്: നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മോഹന്‍ലാലിനെക്കൂടാതെ തൃശൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സര്‍ക്കാര്‍ വകയായ ആനക്കൊമ്പുകള്‍ യാതൊരു അനുമതിയുമില്ലാതെ സൂക്ഷിക്കുകയും കൈമാറ്റം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു

Update: 2019-10-05 01:50 GMT

കൊച്ചി: ആനക്കൊമ്പ് കേസില്‍ ചലചിത്ര താരം മോഹന്‍ലാല്‍ അടക്കമുളളവര്‍ക്കെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് -3 കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയിയില്‍ ബോധിപ്പിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു ആനയുടെ കൊമ്പ് നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും വില്‍പ്പന നടത്തുകയും ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. മോഹന്‍ലാലിനെക്കൂടാതെ തൃശൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സര്‍ക്കാര്‍ വകയായ ആനക്കൊമ്പുകള്‍ യാതൊരു അനുമതിയുമില്ലാതെ സൂക്ഷിക്കുകയും കൈമാറ്റം ചെയ്തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2011 ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നു നാലു ആനക്കൊമ്പുകളാണ് കണ്ടെത്തിയത്.

 കെ കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാലെണ്ണത്തില്‍ രണ്ടു ആനക്കൊമ്പുകള്‍  പി എന്‍ കൃഷ്ണകുമാന്‍ മോഹന്‍ലാലിന്റെ വീട്ടിലുള്ള ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കുന്നതിനായി 1988 ല്‍ നല്‍കിയതാണെന്നു അന്വേഷണ സംഘം കണ്ടെത്തി. 60,000 രൂപയ്്ക്ക് 1983 ല്‍ വാങ്ങിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. മോഹന്‍ലാല്‍ തിരുവനന്തപുരത്തു വീട്ടില്‍ നിന്നും എറണാകുളത്തുള്ള വീട്ടിലേക്ക് ആനക്കൊമ്പുകള്‍ മാറ്റിയപ്പോഴും നീക്കം ചെയ്യുന്നതിനോ, കൈവശം വയ്ക്കുന്നതിനോയുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നു വാങ്ങിയിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2-ാം പ്രതിയ്ക്കുണ്ടായിരുന്നു ഉടമസ്ഥാവകാശം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സാമൂഹിക പരമായും വിദ്യാഭ്യാസ പരമായും ഉന്നത ശ്രേണിയിലുള്ള പ്രതികള്‍ക്ക് നിയമത്തെ അറിവില്ലായിരുന്നുവെന്നു പറയുന്നതു മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവൃത്തികള്‍ വന്യജീവി കുറ്റകൃത്യങ്ങളെ കുറിച്ചു തെറ്റായ സന്ദേശം നല്‍കുമെന്നും പറയുന്നു. 2011 ഡിസംബര്‍ 21 നു രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്തു ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് അന്തിക്കാട് അഡ്വ. അബ്രഹാം മേച്ചിന്‍കര, അഡ്വ. എം വി ലാലു മത്യൂസ് എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഹരജി ഒക്ടോബര്‍ 15 നു വീണ്ടും പരിഗണിക്കും. 

Tags:    

Similar News