ആനക്കൊമ്പു കേസ്: കുറ്റപത്രം നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പു കൈവശം വച്ചത് വനം വകുപ്പിന്റെയും മറ്റും അനുമതിയോടെയാണെന്നാണ് മോഹന്‍ലാലിന്റെ വാദം. അനുമതിയോടെ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുമായി ബന്ധപ്പെട്ട വിവാദം തന്നെ മോശമാക്കാനാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു

Update: 2019-10-14 14:31 GMT

കൊച്ചി: ആനക്കൊമ്പ് കേസില്‍ വനംവകുപ്പ നല്‍കിയ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ചലച്ചിത്ര താരം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനുമതിയില്ലാതെ ആനക്കൊമ്പു സൂക്ഷിച്ച കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ തുടര്‍ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു എ എ പൗലോസ് അഭിഭാഷകരായ എബ്രഹാം മീച്ചിന്‍കര, ലാലു മാത്യുസ് എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് മോഹന്‍ലാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വനംവകുപ്പു കുറ്റപത്രം സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പു കൈവശം വച്ചത് വനം വകുപ്പിന്റെയും മറ്റും അനുമതിയോടെയാണെന്നാണ് മോഹന്‍ലാലിന്റെ വാദം. അനുമതിയോടെ സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുമായി ബന്ധപ്പെട്ട വിവാദം തന്നെ മോശമാക്കാനാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഏഴു വര്‍ഷത്തെ കാലതാമസമുണ്ടായെന്നു കേസ് നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹരജി നാളെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിക്കും.

Tags:    

Similar News