ജോജു ജോര്‍ജ്ജിന്റെ കാര്‍ ആക്രമിച്ച സംഭവം:കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ജോജു അപേക്ഷ നല്‍കി

ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Update: 2021-11-05 07:17 GMT

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് എറണാകുളം വൈറ്റിലയില്‍ നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേരുന്നതിനായി നടന്‍ ജോജു ജോര്‍ജ്ജ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് ജോസഫിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം.

നേരത്തെ ജോജു ജോര്‍ജ്ജുമായുള്ള വിഷയം ഒത്തു തീര്‍ക്കാനുള്ള ശ്രമം ആരംഭിച്ചതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജോജുവിന്റെ ഭാഗത്ത് നിന്നും സുഹൃത്തുക്കള്‍ വഴി ചര്‍ച്ച നടത്തിയതായും വരും മണിക്കൂറൂകളില്‍ പ്രശ്‌നം ഒത്തൂതീര്‍പ്പിലെത്തുമെന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേസില്‍ കക്ഷി ചേരുന്നതിനായി ജോജു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.ജോജു ജോര്‍ജ്ജിന്റെ കാര്‍ ആക്രമിച്ചതിനും റോഡ് ഉപരോധിച്ചതിനും രണ്ടു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.


Tags:    

Similar News