പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

Update: 2019-06-07 02:09 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസ് ഇന്നുമുതല്‍ നല്‍കുമെന്ന് വിജിലന്‍സ് അന്വേഷണ സംഘം വ്യക്തമാക്കി. പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. .ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടൊപ്പം മേല്‍പാലത്തിന്റെ നിലവിലെസ്ഥിതി അതീവഗുരുതരമാണെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മേല്‍പാലത്തില്‍ ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ലെന്നും കരാറുകാരുടെ ചിലവില്‍ പാലം പുതുക്കിപ്പണിയണമെന്നുമാണ് റിപോര്‍ടില്‍ ചുണ്ടിക്കാട്ടിയിരിക്കുന്നത്.ബലക്ഷയം സംഭവിച്ച പാലത്തില്‍ അറ്റകുറ്റപണികല്‍ നടത്തിയാലും പാലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്‍ക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നിലവാരം കുറഞ്ഞ നിര്‍മാണ പ്രവര്‍ത്തിയാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നേ പുതിയ പാലം നിര്‍മിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും വിജിലന്‍സ് സംഘം സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണ്. നിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. തെറ്റായ രൂപകല്‍പന, നിലവാരമില്ലാത്ത നിര്‍മാണം, നിര്‍മാണത്തിലെ അപാകത കണ്ടെത്തുന്നതിലെ പിഴവ് എന്നിവയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ശരിയാകാത്തപക്ഷം പാലം പുനര്‍നിര്‍മിക്കണമെന്നും റിപോര്‍ടില്‍ വിജിലന്‍സ് ആവശ്യപെടുന്നു.2013ലാണ് മേല്‍പ്പാലം നിര്‍മാണം ആരംഭിച്ചത്. 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത്. എന്നാല്‍ നാളുകള്‍ക്കുള്ളില്‍ തന്നെ പാലം തകര്‍ച്ചയിലായി.ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ പരിശോധനയില്‍ അപകടാവസ്ഥ ബോധ്യപ്പെട്ടതോടെ മദ്രാസ് ഐഐടിയിലെ വിദഗ്ധരെ പരിശോധനക്ക് നിയോഗിച്ചു. അവരും ബലക്ഷയം ശരിവച്ചതോടെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു. മെയ് മൂന്നിന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ആര്‍ അശോക് കുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ട വിജിലന്‍സ് സംഘം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചതോടെയാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ചെയ്തത്. 

Tags:    

Similar News