സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Update: 2020-02-10 14:02 GMT

കൊച്ചി: 2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2017 ഒക്ടോബര്‍ 16ന് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാടമ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയോസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേന്ദ്ര, സംസ്ഥാന നയങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴികെ കഴിഞ്ഞ 16 ലെ യുഡിഎഫ് ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നുവെന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നേരത്തെ ബോധിപ്പിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളുണ്ടായതു പോലിസിന്റെയും അധികൃതരുടെയും സുരക്ഷാ, മുന്‍കരുതല്‍ നടപടികളിലെ വീഴ്ചകൊണ്ടാണെന്നും ആരോപിച്ചു. നിയമസഭാ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശിക്ഷാനിയമത്തിലെ 166 പ്രകാരം കുറ്റകരമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. രമേശ് ചെന്നിത്തലക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ടി ആസഫലി, ലാലിസ എന്നിവര്‍ ഹാജരായി.

Tags:    

Similar News