കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ; മാതാപിതാക്കളും നിരീക്ഷണത്തില്‍

ഇറ്റലിയില്‍ നിന്നും ഈ മാസം ഏഴിന് പുലര്‍ച്ചെ 6.30 ന് ദുബായ്-കൊച്ചി ഇകെ 530 എന്ന വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെയും മാതാപിതാക്കളെയും എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

Update: 2020-03-09 04:06 GMT

കൊച്ചി:കൊച്ചിയില്‍ മൂന്നു വയസുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു.ഇറ്റലിയില്‍ നിന്നും ഈ മാസം ഏഴിന് പുലര്‍ച്ചെ 6.30 ന് ദുബായ്-കൊച്ചി ഇകെ 530 എന്ന വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മാര്‍ച് മൂന്നു മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് പനിയുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു.

കുട്ടിയും കുട്ടിയുടെ മാതാപിതാക്കളുമാണ്് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത സഹയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകള്‍ക്കു കൈമാറും. കുട്ടിയുമായി സമ്പര്‍ക്കത്തിലായവര്‍ നീരീക്ഷണത്തിലാണ്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.കോവിഡ്- 19 മായി ബന്ധപ്പെട്ട് എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ 12 പേരാണ് ഐസൊലേഷനിലുള്ളത്. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News