ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് കൊച്ചിയില്‍ തുടക്കം

ആര്‍ത്തവത്തെ ആഘോഷമാക്കി കോവന്‍ സംഘത്തിന്റെ പാട്ടുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി

Update: 2019-01-12 14:29 GMT



കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് കൊച്ചിയില്‍ തുടക്കം.എറണാകുളം മറൈന്‍ഡ്രൈവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ട്രാന്‍സ്് വനിതകളായ രഞ്ജുമോള്‍ മോഹന്‍, അനന്യ അലക്‌സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവര്‍ചേര്‍ന്ന്് പരിപാടിക്ക് തുടക്കം കുറിച്ചു.കലാകക്ഷി തയ്യാറാക്കിയ ദാക്ഷായണി വേലായുധന്‍, ആനി മസ്‌ക്രീന്‍, അമ്മു സ്വാമിനാഥന്‍, ബീഗം ആയിസാസ് റസൂല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഉദ്ഘാടനം. കേരളത്തിനകത്തും പുറത്ത് നിന്നുമായി നിരവധി യുവാക്കളും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കാനെത്തി. ആര്‍ത്തവം വിശ്വാസം ഭരണഘടന, ആര്‍ത്തവം സമൂഹം അനുഭവം എന്നീ വിഷയങ്ങളില്‍ ഡോ.രേഖ രാജ്, ദയ ഗായത്രി, പി സി ഉണ്ണിചെക്കന്‍, ധ്യാന്‍, ആര്‍ ബി ശ്രീകുമാര്‍,തങ്കമ്മ, മൈത്രെയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ആര്‍ത്തവത്തെ ആഘോഷമാക്കി കോവന്‍ സംഘത്തിന്റെ പാട്ടുള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് വൈകുന്നേരം മറൈന്‍ഡ്രൈവില്‍നിന്ന് രാജേന്ദ്രമൈതാനംവരെ ആര്‍ത്തവറാലി നടത്തി. റാലി സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാസ്റ്റ്ലസ് കളക്ടീവ് മ്യൂസിക് ബാന്‍ഡിന്റെ സംഗീതപരിപാടി അരങ്ങേറി.പരിപാടിയുടെ ഭാഗമായി ആര്‍ത്തവം ശാസ്ത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, സിപിഐ ദേശീയ നേതാവ് ആനിരാജ, ആദിവസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനു, കൊച്ചി മുസിരിസ് ബിനാലെ ക്യൂറേറ്റര്‍ അനിതാ ദൂബെ, കെ അജിത, സാറാ ജോസഫ്, കെ ആര്‍ മീര, ഡോ. സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട് ,സംസാരിക്കും. രാത്രിവരെ നീളുന്ന പരിപാടിയില്‍ കോവന്‍സംഘം, ഊരാളി, കലാകക്ഷി തുടങ്ങിയ സംഘങ്ങളുടെ കലാവിഷ്‌കാരങ്ങളും നടക്കും.


Tags:    

Similar News