പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ സഹായം; വീട്ടിലെത്തി ഉത്തരവ് കൈമാറി മന്ത്രി കെ രാജന്‍

Update: 2021-12-17 08:40 GMT

തൃശൂര്‍: കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ

ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിന്റെയും അച്ഛന് ചികിത്സാ ധനസഹായം നല്‍കുന്നതിന്റെയും സര്‍ക്കാര്‍ ഉത്തരവ് കൈമാറി. പുത്തൂരിലെ വീട്ടില്‍ നേരിട്ടെത്തി റവന്യൂമന്ത്രി കെ രാജനാണ് ഉത്തരവുകള്‍ കൈമാറിയത്. പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സഹായം നല്‍കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഹരിത വി കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി റവന്യൂ വകുപ്പില്‍ ജില്ലയില്‍ തന്നെ നല്‍കുമെന്നും ഇതിനായി ജില്ലാ കലക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രദീപിന്റെ അച്ഛന്റെ ചികിത്സാ സഹായത്തിനുള്ള തുക കലക്ടറുടെ പ്രത്യേക ഫണ്ടിലേയ്ക്ക് എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കുടുംബത്തിന്റെ അക്കൗണ്ടിലേയ്ക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു. പ്രദീപിന്റെ കുടുംബത്തിന്

ധനസഹായമായി 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ മൂന്ന് ലക്ഷമാണ് അടിയന്തരമായി കൈമാറുന്നത്.

സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയാണുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ തഹസില്‍ദാര്‍ ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജി, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരും മന്ത്രിക്കൊപ്പം പ്രദീപിന്റെ വീട് സന്ദര്‍ശിച്ചു.

Similar News