ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു

Update: 2026-02-23 14:04 GMT

പാലക്കാട്: നാട്ടുകല്ലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. പാലക്കാട് നാട്ടുകല്‍ കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍ പെട്ട് ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയത്ത് വീട്ടുകാര്‍ സമീപത്തെ മാരിയമ്മന്‍കോവിലില്‍ ഉല്‍സവം കാണാന്‍ പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഉല്‍സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജ് കത്തുന്നതും പുക ഉയരുന്നതും ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ഘടനയ്ക്ക് തന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി കണക്കാക്കുന്നത്.