കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55)ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. ചുമട്ടു തൊഴിലാളികളായ കിണാശേരി, അത്തോളി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരുടെ മരണമാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്. രാവിലെ 11.30 ഓടെയാണ് നാലു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
വലിയങ്ങാടിയില്‍ ചുമടിറക്കി വിശ്രമിക്കാനിരുന്നവര്‍ക്ക് മുകളിലേക്കാണ് ഒന്നാം നിലയിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണത്. ജബ്ബാറും അഷ്‌റഫും ബീച്ച് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് ബഷീറും വിനോദും മരിച്ചത്. കാലിന് പരിക്കേറ്റ ജലീല്‍ ബീച്ച് ആശുപത്രിയില്‍ ചികില്‍സയിലാണ്. രാവിലെ ചുമട് ഇറക്കുന്ന തിരക്കായതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ വിശ്രമിക്കാനെത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. മരിച്ച മൂന്ന് പേരുടെയും മ്യതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടതിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ടൗണ്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തൊഴിലാളികളുടെ മരണത്തിനുത്തരവാദി കോര്‍പറേഷനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദേശം ചില വ്യാപാരികള്‍ അവഗണിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ കോര്‍പറേഷന്‍ നടപടി എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയങ്ങാടിയിലെ തൊഴിലാളികള്‍ സാധാരണ വിശ്രമിക്കാറുള്ളത് ഈ കെട്ടിടത്തിനു പുറത്താണ്. ഒട്ടനവധി ഇരുചക്ര വാഹനങ്ങളും തകര്‍ന്ന സ്ലാബുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നു.
