മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം തുടരും

സര്‍ക്കാരുമായി കെജിഎംസിടിഎ നടത്തിയ ചര്‍ച്ച പരാജയം

Update: 2026-02-23 14:41 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം തുടരും. സര്‍ക്കാരുമായി കെജിഎംസിടിഎ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം തുടരാനുള്ള തീരുമാനം. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം സമരം കടുപ്പിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ഫെബ്രുവരി 26 മുതല്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുക, കൃത്യമായി നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.

നേരത്തെ തെരുവിലടക്കം പ്രക്ഷോഭം നടത്തിയെങ്കിലും സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ആരംഭിച്ചത്. സമരം തുടരുമ്പോഴും അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തി ചികില്‍സ, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നീ സേവനങ്ങള്‍ മുടക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ മറ്റു എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞതിനാലാണ് സംഘടന ഈ സമരത്തിലേക്ക് കടക്കേണ്ടിവന്നതെന്നാണ് കെജിഎംസിടിഎയുടെ വിശദീകരണം.

Tags: