'കരുതലോടെ മുന്നോട്ട്' പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കുക'
തിരുവനന്തപുരം: 'കരുതലോടെ മുന്നോട്ട്: പദ്ധതി അട്ടിമറിക്കാനുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കേരളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും കുല്‍സിത ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് (കെജിഎച്ച്എംഒഎ) സംസ്ഥാന കമ്മിറ്റി. ശാസ്ത്ര സാഹിത്യപരിഷത്ത് കുറച്ചു വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തനമേഖല ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിനെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രമായി ഒതുങ്ങിയിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യം സംബന്ധിച്ച പരിഷത്തിന്റെ വിഷയസമിതിയില്‍ മെഡിക്കല്‍ ഡോക്ടര്‍മാരായി അലോപ്പതി ഡോക്ടര്‍മാര്‍ മാത്രമുള്ളപ്പോള്‍ അതില്‍ അത്ഭുതപ്പെടാനുമില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്‌സനിക്കം ആല്‍ബം പ്രതിരോധമരുന്നായി നല്‍കരുത് എന്ന അഭ്യര്‍ത്ഥിച്ചു കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം. നിവേദനത്തില്‍ പറയുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളിലേക്കു ഒന്നൊന്നായി വരാം.
1. മരുന്നിന് ശാസ്ത്രീയമായ ഒരു പഠനത്തിന്റെയും പിന്‍ബലമില്ല എന്നാണ് ഒന്നാമത്തെ ആരോപണം. അത് പൂര്‍ണമായും തെറ്റാണ്. ആര്‍സെനിക്കം ആല്‍ബം 30 ന്റെ ഗുണങ്ങളെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് . വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയും ആയുഷ് മന്ത്രാലയവും ആണ് ഈ മരുന്ന് പ്രതിരോധ മരുന്നായി ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ചത്. കേരളത്തിലെ ഹോമിയോപ്പതി വകുപ്പും പ്രാഥമികവും ശാസ്ത്രീയവുമായ പഠനങ്ങള്‍ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്, പത്തനംതിട്ടയില്‍ നടന്ന പഠനം രോഗ പ്രതിരോധ ശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ പോലും മനസ്സിലാക്കിയിട്ടുള്ളതല്ല എന്ന് ആരോപിക്കുന്നവര്‍ ആ പഠനറിപ്പോര്‍ട്ട് വായിച്ചു പോലും നോക്കിയിട്ടില്ല എന്നെ മനസ്സിലാക്കേണ്ടതുള്ളൂ.
2. രണ്ടാമത്തെ ആരോപണം: മരുന്നിന്റെ ഒരു തന്മാത്ര പോലും അവശേഷിക്കാത്ത ആര്‍സെനിക്കം ആല്‍ബം 30 എങ്ങനെ ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കുമെന്നും പ്രതിരോധ ശക്തി വര്‍ധിപ്പിക്കുമെന്നും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല എന്ന് ആരോപിക്കുമ്പോള്‍ വെളിവാകുന്നത് പരിഷത്തിന്റെ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പൂര്‍ണമായ അജ്ഞതയാണ്. ഹോമിയോ മരുന്നുകള്‍ക്ക് യാതൊരു പഠനങ്ങളും ബാധകമല്ല എന്ന് ആരോപിക്കുന്നവര്‍ക്ക് വൈദ്യശാസ്ത്രത്തെക്കുറിച്ചോ അതിന്റെ രീതികളെക്കുറിച്ചോ സാമാന്യ ബോധം ഇല്ലെന്ന് സാരം.
3. മൂന്നാമത്തെ ആരോപണം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്ന് വിതരണം ചെയ്ത്, കേരളം കോവിഡ് നിയന്ത്രണത്തില്‍ കൈ വരിച്ച നേട്ടങ്ങളുടെ ശോഭ കെടുത്തും എന്നാണ്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളില്‍ എല്ലാ വൈദ്യ ശാസ്ത്രശാഖകള്‍ക്കും അതിന്റെതായ പങ്കുണ്ടായിരുന്നു. ഇപ്പോള്‍ എന്താണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഇടപെടല്‍ മൂലമാണ് ഈയിടെ കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ കേരളത്തിലെ ഹോമിയോപ്പതി ഡോക്ടര്‍മാരെ അനുവദിച്ചത്. ലോകാരോഗ്യസംഘടനയുടെയോ മറ്റു ശാസ്ത്ര ഏജന്‍സികളുടെയോ അംഗീകാരമില്ല എന്നൊക്കെ ആരോപിക്കുമ്പോള്‍ ഓര്‍ക്കുക. 1973 ല്‍ ഭാരത സര്‍ക്കാര്‍ പ്രത്യേകം പാസ്സാക്കിയ നിയമത്തിലൂടെ അംഗീകരിക്കപ്പെട്ട വൈദ്യ ശാസ്ത്രമാണ് ഹോമിയോപ്പതി . ഇന്ത്യയില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര പഠനവും നിയന്ത്രിക്കുന്നതിനായി CENTRAL COUNCIL OF HOMOEOPATHY(CCH) എന്ന സ്ഥാപനവും നിലവില്‍ വരികയുണ്ടായി. 195 ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളും 2 ലക്ഷത്തിലധികം ഹോമിയോപ്പതി ഡോക്ടര്‍മാരും ലക്ഷക്കണക്കിന് ഡിസ്‌പെന്‍സറികളും ഹോസ്പിറ്റലുകളും സ്വകാര്യ ക്ലിനിക്കുകളും ഉള്ള വലിയ വൈദ്യ ശാസ്ത്രമാണ് ഹോമിയോപ്പതി ഇന്ന് ഇന്ത്യയില്‍.
4. ആര്‍സെനിക്കം ആല്‍ബം 30 കൊവിഡിന് പ്രതിരോധമായി ഒന്നരവര്‍ഷമായി ഇന്ത്യയില്‍ കുട്ടികള്‍ അടക്കം എല്ലാവരും കഴിക്കുന്നു. ഇത്രയും കോടി ജനങ്ങള്‍ കഴിച്ച മരുന്ന് ഇപ്പോള്‍ ദോഷകരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയുന്നവര്‍ക്ക് ലക്ഷ്യം വേറെയാണ്. ഒരേസമയം വിഷമാണെന്നും, ഈ മരുന്നില്‍ ഒന്നും ഇല്ല എന്നും മാറി മാറി പറയുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയട്ടെ. ഈ മരുന്ന് കഴിഞ്ഞ ഇരുനൂറ് വര്‍ഷങ്ങളായി, ഹോമിയോപ്പതി പ്രചാരത്തിലുള്ള രാജ്യങ്ങളിലെല്ലാം തന്നെ കൊച്ചു കുട്ടികളടക്കം എല്ലാവര്‍ക്കും പലതരം അസുഖങ്ങള്‍ക്ക് കൊടുക്കുന്ന മരുന്ന് ആണ്.കാലം കാര്യക്ഷമത തെളിയിച്ചിട്ടുള്ള മരുന്ന്. കുട്ടികള്‍ക്ക് ആദ്യമായി കൊടുക്കുന്നു, പുതുതായി പരീക്ഷിക്കുന്നു എന്നൊക്കെ ഇവര്‍ ആരോപിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നും കെജിഎച്ച്എംഒഎ പ്രസ്താവനയില്‍ പറഞ്ഞു.

