തടവുകാര്‍ക്ക് കാലാനുസൃത മെഡിക്കല്‍ പരിശോധനയും ആരോഗ്യകരമായ ഡയറ്റും ഉറപ്പാക്കണം: മദ്രാസ് ഹൈക്കോടതി

Update: 2026-02-24 11:39 GMT

ചെന്നൈ: തടവുകാര്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം കാലാനുസൃത മെഡിക്കല്‍ പരിശോധനക്കും അവരുടെ വ്യക്തിഗത ആരോഗ്യാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണത്തിനും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചു. കലൈ സെല്‍വി vs തമിഴ്‌നാട് സര്‍ക്കാര്‍ കേസിലാണ് ജസ്റ്റിസുമാരായ ജി ആര്‍ സ്വാമിനാഥന്‍, ആര്‍ കലൈമതി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

തടവുകാര്‍ മുഴുവനായും സംസ്ഥാനത്തിന്റെ പരിപാലനത്തിലും കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ സമയബന്ധിത രോഗനിര്‍ണയം, ആവശ്യമായ ചികിത്സ, ആരോഗ്യനിലയ്ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടത് ജയിലധികൃതരുടെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

'ചില തടവുകാര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവും; അവരുടെ ഭക്ഷണത്തില്‍ ഉപ്പ് കുറവായിരിക്കണം. ചിലര്‍ പ്രമേഹരോഗികളായിരിക്കാം; അവരുടെ ഭക്ഷണക്രമം വ്യത്യസ്തമായിരിക്കണം. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചുള്ള ഭക്ഷണം നല്‍കേണ്ടത് ജയിലധികൃതരുടെ കടമയാണ്,' ഹൈക്കോടതി വ്യക്തമാക്കി.

'ഓരോ തടവുകാരനും കാലാനുസൃത മെഡിക്കല്‍ പരിശോധനയ്ക്ക് അവകാശമുണ്ട്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ പരിധിയില്‍പ്പെടുന്നു,' എന്നും കോടതി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ രോഗനിര്‍ണയം നടന്നാല്‍ അംഗവിച്ഛേദം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനാകുമെന്ന് കോടതി നിരീക്ഷിച്ചു.

പാലയങ്കോട്ടൈ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 67 കാരനായ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകേശനു വേണ്ടി 28 ദിവസത്തെ എസ്‌കോര്‍ട്ടില്ലാത്ത സാധാരണ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മകള്‍ കലൈസെല്‍വി ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

പ്രമേഹസംബന്ധമായ സങ്കീര്‍ണ്ണതകളെത്തുടര്‍ന്ന് 2025 ഒക്ടോബര്‍ 10ന് മുരുകേശന്റെ വലത് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ജയിലില്‍ കഴിയുന്നതിനിടെയാണ് ഈ ആരോഗ്യപ്രശ്‌നം രൂക്ഷമായത്.

'ആരോഗ്യസ്ഥിതി നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും അനുയോജ്യമായ ഭക്ഷണവും നല്‍കിയിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കില്ലായിരുന്നു,' എന്ന് കോടതി നിരീക്ഷിച്ചു.

വൈകല്യമുള്ള തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ തടവുകാര്‍ക്ക് റിറ്റ് ഹര്‍ജി നല്‍കാവുന്നതാണെന്നും കോടതി പറഞ്ഞു.

പാലയങ്കോട്ടൈ സെന്‍ട്രല്‍ ജയിലിലെ എല്ലാ തടവുകാര്‍ക്കും രണ്ട് വര്‍ഷത്തിലൊരിക്കല്‍ 'മാസ്റ്റര്‍ ഹെല്‍ത്ത് ചെക്കപ്പ്' നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഡീനെ ജയിലില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രമേഹരോഗികളെ കണ്ടെത്തി ആവശ്യമായ ഇന്‍സുലിന്‍ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചു.

മുരുകേശന് കിടക്ക, മേശ, അനുയോജ്യമായ ശൗചാലയ സൗകര്യം, കൗണ്‍സിലിംഗ്, കാലാനുസൃത മെഡിക്കല്‍ നിരീക്ഷണം എന്നിവ ഉറപ്പാക്കാനും സഹായോപകരണങ്ങള്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമായാല്‍ മറ്റൊരു തടവുകാരന്റെ സഹായത്തോടെ സൗകര്യപ്രദമായ ബ്ലോക്കില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 27 വരെ 28 ദിവസത്തെ എസ്‌കോര്‍ട്ടില്ലാത്ത സാധാരണ അവധി മുരുകേശന് അനുവദിച്ചു. തൂത്തുക്കുടി ജില്ലയിലെ സിപ്‌കോട്ട് പോലിസ് സ്റ്റേഷനില്‍ ആഴ്ചതോറും ഹാജരാകണം എന്ന നിബന്ധനയും ജയില്‍ മാന്വല്‍ പാലിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കി. ഹര്‍ജിക്കാരിയെ അഭിഭാഷകന്‍ എസ്എം മുഹമ്മദ് യൂനസ് രാജ, സംസ്ഥാനത്തിനായി ആര്‍ അലഗുമണി, ടി സെന്തില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.

Tags: