തിരുവനന്തപുരം: രാജ്യത്തെ പൗരത്വ വിഷയങ്ങളില്‍ പലവിധ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്ത സഭയായിരുന്നു ഇതെന്നും എന്നാല്‍ പ്രതിപക്ഷം ഒട്ടും ക്രിയാത്മകമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാധാരണഗതിയില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കേണ്ട പ്രതിപക്ഷം, വസ്തുതകളെയും ചര്‍ച്ചകളെയും ഭയന്നോടുകയായിരുന്നു. ഈ സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ ഒരു ചെറിയ ആക്ഷേപം പോലും പ്രതിപക്ഷത്തിന്റെ പക്കലില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
കിഫ്ബിയെയും ദേശീയപാത വികസനത്തെയും എതിര്‍ത്ത യുഡിഎഫ്, നാടിന്റെ വളര്‍ച്ച ഒരിഞ്ചു പോലും മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ല. എല്‍ഡിഎഫിനോടുള്ള രാഷ്ട്രീയ വിരോധം കാരണം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.
ന്യൂനപക്ഷങ്ങളോട് എല്‍ഡിഎഫ് സ്വീകരിക്കുന്ന കരുതല്‍ മൂലമാണ് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍എസ്എസിനെ പിണക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന യുഡിഎഫ്, പലപ്പോഴും വര്‍ഗീയ ശക്തികളോട് ചേര്‍ന്നുനില്‍ക്കുകയാണ്.
സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് പ്രതിപക്ഷം മുന്‍ഗണന നല്‍കുന്നതെന്നും നുണകള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിനെ താഴ്ത്തിക്കെട്ടാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എല്ലാവിധ പ്രതിസന്ധികള്‍ക്കിടയിലും നാടിനെ ഉയര്‍ത്താനും വളര്‍ത്താനും സാധിച്ചുവെന്ന പൂര്‍ണ്ണ സംതൃപ്തിയും ആത്മവിശ്വാസവും സര്‍ക്കാരിനുണ്ടെന്ന് സഭയുടെ അവസാന ഘട്ടത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
