മോഷ്ടിച്ച ലോറിയുമായി കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ സാഹസികമായി പിടികൂടി
കോഴിക്കോട്: മോഷ്ടിച്ച ലോറിയുമായി പാഞ്ഞ് കോഴിക്കോട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലിസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. എലത്തൂര്‍ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരാണ് പിടിയിലായത്. മറ്റു വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി മൂന്ന് പോലിസ് സ്‌റ്റേഷനുകളിലെ വാഹനങ്ങളില്‍ പന്തുടര്‍ന്നാണ് പിടികൂടിയത്.
മോഷ്ടിച്ച ലോറിയുമായി ഇവര്‍ എലത്തൂര്‍ ഭാഗത്തേക്കായിരുന്നു യാത്ര തുടങ്ങിയത്. പോയ വഴിക്ക് വാഹനങ്ങളില്‍ തട്ടിയെങ്കിലും നിര്‍ത്തിയില്ല. വിവരം നാട്ടുകാര്‍ പോലിസില്‍ അറിയിച്ചു. ലോറി വീണ്ടും നഗരത്തിലേക്ക് വെച്ചു പിടിച്ചു. പിന്നാലെ എലത്തൂര്‍ പോലിസും. നഗരത്തിലെത്തിയതോടെ നടക്കാവ് പോലിസും പിന്തുടര്‍ന്നു. പോകുന്ന വഴിക്ക് നിരവധി വാഹനങ്ങളെയാണ് ഇടിച്ചിട്ടത്. പിന്നാലെ ചേവായൂര്‍ പോലിസ് വാഹനം കൂടിയെത്തിയതോടെ സിനിമാ സ്‌റ്റൈലിലായി പിന്തുടരല്‍. ഒടുവില്‍ ബിലാത്തിക്കുളം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വെച്ച് കല്‍ വിളക്കിലിടിച്ചതോടെ ലോറി നിന്നു. ഓടിരക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി പോലിസ് പിടികൂടി.