തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെയാണ് ജിജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. അടയമണ്‍ നെല്ലിക്കുന്ന് അശ്വമാലികയില്‍ ജിജിന്‍(37)വാഹനാപകടത്തില്‍പ്പെട്ടത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും കൊണ്ടുപോകും. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. ജിജിന് മുന്‍പു തന്നെ അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നു. കെ-സോട്ടോ അധികൃതര്‍ ജിജിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ അവര്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം. ജിജിനും സുഹൃത്തും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിനു പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.