പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേലില്‍

നെതന്യാഹുവുമായി ചര്‍ച്ച നടത്തും

Update: 2026-02-25 02:03 GMT

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക് യാത്ര തിരക്കും. രാവിലെ ഒന്‍പതു മണിക്ക് നരേന്ദ്ര മോദി ഇസ്രായേലിലേക്ക് യാത്ര തിരിക്കും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധനയും ചെയ്യും. വ്യാഴാഴ്ചയായിരിക്കും ഇരുനേതാക്കളും തമ്മിലുള്ള പ്രതിനിധിതല ചര്‍ച്ചകള്‍ നടക്കുക. ഒന്‍പത് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തുന്നത്.

ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രായേല്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായുള്ള ഭിന്നത കാരണം പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ചേക്കുമെന്നാണ് സൂചന. നെതന്യാഹുവിനൊപ്പം ജറുസലേമിലെ മറ്റൊരു പരിപാടിയിയിലും മോദി പങ്കെടുക്കും. അതിന് ശേഷം ഹോളോകാസ്റ്റ് സ്മാരകമായ യാദ് വാഷെം സന്ദര്‍ശിക്കും.

അധികാരത്തിലേറിയശേഷം മോദിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്. 2017ല്‍ ആദ്യ സന്ദര്‍ശനത്തിലൂടെ ഇസ്രായേലെത്തിയ ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറിയിരുന്നു. 1992ല്‍ ഇരു രാജ്യവും നയതന്ത്രബന്ധം സ്ഥാപിച്ചെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിമാരോ പ്രസിഡന്റുമാരോ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നില്ല. ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം അടിയുറച്ചു നിലകൊണ്ട ഇന്ത്യയുടെ പരമ്പരാഗത വിദേശനയം തിരുത്തി, ഇസ്രായേല്‍ അനുകൂല നിലപാടെടുത്തത് മോദി അധികാരത്തിലെത്തിയശേഷമാണ്.

അമേരിക്കന്‍ ജൂതരുടെ യോഗത്തിലേക്ക് ഏത് നേതാവാണ് അടുത്തതായി എത്തുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നരേന്ദ്ര മോദിയാണെന്ന് നെതന്യാഹു മറുപടി നല്‍കിയിരുന്നു. മോദിയുടേത് ചരിത്ര സന്ദര്‍ശനമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ പ്രാദേശിക സഹകരണം വരേയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെയാണ് നടക്കുക. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. ഇസ്രായേല്‍ സേനയുടെ അയേണ്‍ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയിയും ഇന്ത്യക്കുണ്ട്. ദീര്‍ഘ ദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റ ആരോ, മധ്യദൂര മിസൈല്‍ പ്രതിരോധത്തിനുള്ള ഡേവിഡ്സ് സ്ലിങ് എന്നിവയും ഇന്ത്യ വാങ്ങിയേക്കും.

ഫലസ്തീനെതിരായ വംശഹത്യയില്‍ ഇസ്രായേലിനെതിരേ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയില്‍ തന്നെയുള്ള ജനാധിപത്യ സംഘടനകളും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം എതിര്‍പ്പ് ശക്തമാക്കുമ്പോഴാണ് ഊഷ്മള ബന്ധവും തന്ത്രപ്രധാന നീക്കളും ചര്‍ച്ചചെയ്യാനെന്ന പേരില്‍ മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇസ്രായേല്‍. മിസൈലുകള്‍, ഡ്രോണുകള്‍, നിരീക്ഷണ, വ്യോമ പ്രതിരോധ പ്ലാറ്റ്ഫോമുകള്‍ വരെയുള്ള സംവിധാനങ്ങള്‍ ഇന്ത്യ ഇസ്രായേലില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുമായുള്ള ആയുധവ്യാപാരത്തില്‍നിന്നുള്ള വന്‍ ലാഭമാണ് ഫലസ്തീന്‍ അധിനിവേശത്തിനായി ഇസ്രായേല്‍ ഉപയോഗിക്കുന്നത്.

Tags: