ഇടുക്കി ജില്ലാ ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയില്‍
കെട്ടിടം പൊളിച്ചു നീക്കണമെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും സാക്ഷ്യ പത്രം കിട്ടണം
തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയുടെ കെട്ടിടം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയാകുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കണമെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും സാക്ഷ്യ പത്രം കിട്ടണം. തൊടുപുഴ പോലിസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നതും ആശുപത്രിയിലെ മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിലാണ്. 70 വര്‍ഷം പഴക്കമുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഈ കെട്ടിടം ഉപയോഗശൂന്യമായിട്ട് ഒരു വര്‍ഷം പിന്നിട്ടു. മേല്‍ക്കൂര തകര്‍ന്ന് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിഭാഗങ്ങളെല്ലാം മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി.
കെട്ടിടം അണ്‍ ഫിറ്റാണെന്ന് ജില്ലാ പഞ്ചായത്ത് സാക്ഷ്യപെടുത്താത്തിനാല്‍ പൊളിച്ച് നീക്കാന്‍ കഴിയുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതി തേടി എട്ടുമാസം മുന്‍പ് ജില്ല പഞ്ചായത്തിന് കത്തു നല്‍കിയെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാല്‍, തുടര്‍ നടപടിയുണ്ടായില്ല. പൊളിക്കനുള്ള ചെലവിന്റെ എസ്റ്റിമേറ്റ് തയ്യറാക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. ഇത് കിട്ടിയാല്‍ മാത്രമേ ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. നിലവില്‍ കെട്ടത്തിലേക്ക് ആരും പ്രവേശിക്കാതിരിക്കാന്‍ കയര്‍ കെട്ടിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പില്ലാത്തിനാലാണ് ഒരു ഭാഗം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നാണ് വിശദീകരണം.
കെട്ടിടം പൊളിക്കാത്തത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്നാണ് ആരോപണം ഉയരുന്നത്. ആശുപത്രിയില്‍ എത്തുന്നവര്‍ അവരുടെ ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായാണ്. അണ്‍ഫിറ്റാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ച് മാറ്റാന്‍ സാധിക്കാത്തത്. കെട്ടിടം പൊളിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ത്തുകയാണെന്ന് ആശുപത്രി വികസന സമിതി അംഗം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍പ്പോലും നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ കെട്ടിടം നില്‍ക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

