'സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും മതപരമായ ചടങ്ങുകളും വേണ്ട'; എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം

Update: 2020-12-23 06:31 GMT

തിരുവനന്തപുരം: ''മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം''

മരണം ആസന്നമായെന്ന് തോന്നിയ സമയത്ത് സുഗതകുമാരി ടീച്ചര്‍ തന്റെ ഭൗതികശരീരമെന്തുചെയ്യണം എന്ന് നേരത്തേ വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം തന്നിട്ടുണ്ട്. അതനുസരിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാവു എന്ന ശാഠ്യം ആ വാക്കുകളില്‍ കാണാം.

''ഒരാള്‍ മരിച്ചാല്‍ പതിനായിരക്കണക്കിന് റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍! എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരികക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രം മതി''

''മരിക്കുന്നത് ആശുപത്രിയില്‍ നിന്നാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ കൊണ്ടുവരണം. ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം.ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്'' തന്റെ മരണാനന്തരം എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് കവയിത്രി തന്റെ ഒസ്യത്തില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നു.

''ശാന്തികവാടത്തില്‍ നിന്ന്കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട,പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ച്‌പേര്‍ക്ക്, പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാടി ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട''. കവയിത്രി തന്റെ ഒസ്യത്തില്‍ രേഖപ്പെടുത്തി.

Similar News