ഇറക്കുമതി നികുതിയില്‍ ഇളവ്; അര്‍ഹരായ നിര്‍മ്മാതാക്കള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഇഎംഐ സൗകര്യം

Update: 2026-03-02 06:06 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഇറക്കുമതി നികുതി സംവിധാനത്തില്‍ നിര്‍ണായക പരിഷ്‌കാരവുമായി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് (സിബിഐസി) രംഗത്ത്. 'എലിജിബിള്‍ മാനുഫാക്ചറര്‍ ഇംപോര്‍ട്ടേഴ്‌സ്' (ഇഎംഐ) എന്ന പേരില്‍ കസ്റ്റംസ് തീരുവ അടയ്ക്കുന്നതില്‍ വൈകിയടവ് സൗകര്യം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതുവരെ വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് ക്ലിയറന്‍സ് സമയത്ത് തന്നെ തീരുവ അടയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയ സംവിധാനപ്രകാരം അര്‍ഹരായ നിര്‍മ്മാതാക്കള്‍ക്ക് സാധനങ്ങള്‍ കൈപ്പറ്റുന്ന സമയത്ത് നികുതി അടയ്‌ക്കേണ്ടതില്ല. പകരം, ഒരു മാസത്തിനിടെ വരുന്ന ആകെ കസ്റ്റംസ് തീരുവ അടുത്ത മാസത്തിലെ നിശ്ചിത തിയ്യതിക്കകം ഒരുമിച്ച് അടച്ചാല്‍ മതിയാകും. കമ്പനികളുടെ പ്രവര്‍ത്തന മൂലധന ലഭ്യത വര്‍ധിപ്പിച്ച് വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ദ്രവ്യത്വം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്നാല്‍ ഈ ആനുകൂല്യം എല്ലാ ഇറക്കുമതിക്കാര്‍ക്കും ലഭ്യമാകില്ല. കസ്റ്റംസ്, ജിഎസ്ടി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതും സാമ്പത്തികമായി ഭദ്രത തെളിയിക്കുന്നതുമായ നിര്‍മ്മാതാക്കള്‍ക്കാണ് പദ്ധതിയില്‍ ഉള്‍പ്പെടാനാവുക. നിലവില്‍ എഇഒ-ടി1 പദവി നേടിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം. പദ്ധതിയുടെ ആദ്യഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ 2028 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ ഉണ്ടാകും.

അപേക്ഷ നടപടികള്‍: പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് 2026 മാര്‍ച്ച് ഒന്നു മുതല്‍ www.aeoindia.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Tags: