ഇസ്രായേല്‍-യുഎസ് ആക്രമണത്തിന് പിന്നാലെ എണ്ണവിലയില്‍ കുതിപ്പ്; ബ്രെന്റ് 82 ഡോളര്‍ കടന്നു
വാഷിങ്ടണ്‍: ഇസ്രായേല്‍-യുഎസ് സംയുക്ത സൈനിക നടപടികളുടെ ഭാഗമായി ഇറാനില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണവിപണിയില്‍ വില കുത്തനെ ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിന് മുകളില്‍ എത്തി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 78.24 ഡോളറില്‍ നിന്ന് 82.37 ഡോളറായി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 5.38 ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.66 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 75.33 ഡോളറായി. ഇറാനെതിരേ അമേരിക്ക സൈനിക സന്നാഹം ആരംഭിച്ചതോടെ തന്നെ എണ്ണവിലയില്‍ ഉയര്‍ച്ച പ്രകടമായിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിതരണ ശൃംഖലയില്‍ അനിശ്ചിതത്വം വര്‍ധിച്ചതാണ് വിലക്കുതിപ്പിന് പ്രധാന കാരണമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഉല്‍പാദനം പ്രതീക്ഷിച്ചതിലധികം വര്‍ധിപ്പിക്കാന്‍ opec+ എടുത്ത തീരുമാനത്തിന് പിന്നാലെ എണ്ണവിലയില്‍ നേരിയ ശമന സൂചനകളും പ്രകടമായി. എന്നിരുന്നാലും മേഖലയില്‍ യുദ്ധം ദൈര്‍ഘ്യമേറിയാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.