യുഎസുമായി ചര്‍ച്ചയില്ല; ട്രംപിന്റെ വാദം തള്ളി ഇറാന്‍

Update: 2026-03-02 05:32 GMT

യുഎസുമായി ഇറാന്‍ ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. യുഎസുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ലെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ല' ലാരിജാനി എക്‌സില്‍ പോസ്റ്റ് ചെയ്തു.

വാഷിംഗ്ടണുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ പുതിയ ശ്രമം നടത്തിയെന്ന യുഎസ് മാധ്യമ അവകാശവാദങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഖാംനഈയുടെ കൊലപാതകത്തിന് ശേഷം ഒമാനി മധ്യസ്ഥര്‍ വഴി ലാരിജാനി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ അവകാശപ്പെട്ടതിന് ശേഷമാണ് പ്രസ്താവന വന്നത്.

ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

'അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും,' ട്രംപ് പറഞ്ഞതായി ദി അറ്റ്ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

'അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും ചെയ്യാന്‍ എളുപ്പവുമായത് നേരത്തെ ചെയ്യേണ്ടതായിരുന്നു. അവര്‍ വളരെ നേരം കാത്തിരുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഈ വാദങ്ങളാണ് ഇറാന്‍ തള്ളിയത്.

ഇറാന്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: