ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ശക്തിപ്രാപിച്ച യുദ്ധാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് പുറപ്പെടേണ്ട 350 രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പശ്ചിമേഷ്യന്‍ വ്യോമമേഖല ഉപയോഗിക്കുന്ന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രിവരെ നിര്‍ത്തിവച്ചതായി അറിയിച്ചു. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് പ്രധാനമായും മരവിപ്പിച്ചത്.
ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെവരെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക സൗകര്യം പ്രഖ്യാപിച്ചു. ഈ മാസം അഞ്ചു വരെ നിശ്ചയിച്ചിരിക്കുന്ന യാത്രകളുടെ തിയ്യതി അധിക ചാര്‍ജില്ലാതെ മാറ്റാം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
കൊച്ചി
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ ഇന്നലെയും ഇന്നുംമായി ഭൂരിഭാഗവും മുടങ്ങി. ഇന്നലെ മൂന്നു സര്‍വീസുകള്‍ മാത്രമാണ് നടത്താനായത്. ഗള്‍ഫ് കേന്ദ്രീകൃതമായ 78 സര്‍വീസുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്ന് മൂന്നു സര്‍വീസുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കണ്ണൂര്‍
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ, അബൂദബി, മസ്‌കത്ത്, റിയാദ് സര്‍വീസുകളും കണ്ണൂരിലേക്ക് ദോഹ, ഷാര്‍ജ, അബൂദബി, ദുബയ് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളും റദ്ദാക്കി. കൂടാതെ ഇന്‍ഡിഗോയുടെ അബൂദബി, ഫുജൈറ സര്‍വീസുകളും തിരിച്ചുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു.
തിരുവനന്തപുരം
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 33 സര്‍വീസുകള്‍ മുടങ്ങി. ഇതില്‍ 17 സര്‍വീസുകള്‍ എത്തേണ്ടതും 16 സര്‍വീസുകള്‍ പുറപ്പെടേണ്ടതുമായിരുന്നു.
കോഴിക്കോട്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ മൂന്നു രാജ്യാന്തര സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോഴിക്കോട് എത്തേണ്ട 25 സര്‍വീസുകള്‍ ഇന്നലെ മുതല്‍ റദ്ദാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെ സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമോ എന്നത് അനിശ്ചിതമാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. യാത്രക്കാര്‍ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

