കര്‍ഷക പ്രക്ഷോഭം 28ാം ദിവസത്തിലേക്ക്; റിലയന്‍സ്, അദാനി ബഹിഷ്‌കരണം ശക്തമാക്കി കര്‍ഷകര്‍

Update: 2020-12-23 05:07 GMT

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നതോടെ കോര്‍പറേറ്റ് ബഹിഷ്‌കരണ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്തുക്കള്‍, റിലൈന്‍സ് പെട്രോള്‍ പമ്പുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും. എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരേ നേരത്തെ തന്നെ സമരം തുടങ്ങിയിരുന്നു. പഞ്ചാബില്‍ റിലയന്‍സ് പമ്പുകളുടെ പ്രവര്‍ത്തനം ചില ദിവസങ്ങളില്‍ പൂര്‍ണമായും മുടങ്ങി. സമരം തുടങ്ങിയതിന് ശേഷം പമ്പുകളിലെ വില്‍പ്പന 50 ശതമാനത്തിലധികം കുറഞ്ഞതായും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. പലയിടങ്ങളിലും പമ്പുകള്‍ക്ക് മുന്നില്‍ കര്‍ഷക സംഘടനകള്‍ ധര്‍ണ നടത്തി. ജിയോ സിം ബഹിഷ്‌കരണ ആഹ്വാനം കേരളത്തില്‍ ഉള്‍പ്പടെ നിരവധി ഉപഭോക്താക്കള്‍ ഏറ്റെടുത്തു. സമരം ഒരുമാസം പിന്നിടുന്നതോടെ കോര്‍പറേറ്റ് വിരുദ്ധ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സംഘടനകള്‍.

കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നത്തെ ഉച്ച ഭക്ഷണം ഉപേക്ഷിക്കണമെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രി നല്‍കിയ കത്തില്‍ ഇത് വരെയും സംഘടന നേതാക്കള്‍ തീരുമാനം എടുത്തില്ല. ക്ഷണം നിരസിക്കേണ്ട എന്ന നിലപാട് കിസാന്‍ സഭ മറ്റ് സംഘടന നേതാക്കളെ അറിയിച്ചു. ഇന്ന് ചേരുന്ന കിസാന്‍ കോര്‍ഡിനേഷന്‍ സമിതി വിഷയം ചര്‍ച്ച ചെയ്യും.

Similar News