മഞ്ചലില്‍ തൂങ്ങി കാട്ടിലൂടെ നാല് കിലോമീറ്റര്‍ യാത്ര; ഒടുവില്‍ യുവതിക്ക് വഴിയില്‍ പ്രസവം

ഹൈദരാബാദ്: കുടുംബക്കാര്‍ മഞ്ചലിലേറ്റി കിലോമീറ്ററുകളോളം ചുമന്നു കൊണ്ടു പോയ ആദിവാസി യുവതിക്ക് ഒടുവില്‍ കാട്ടുവഴിയില്‍ പ്രസവം. ആന്ധ്രപ്രദേശിലെ വിഴിയനഗരം ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

റോഡുകളില്ലാത്ത, വാഹനം കടന്നുചെല്ലാത്ത ഗ്രാമത്തില്‍ നിന്ന് രണ്ട് മുളവടിയും തുണിയും കൊണ്ട് നിര്‍മിച്ച മഞ്ചലിലാണ് മുത്തമ്മയെന്ന ആദിവാസിയെയും ചുമന്ന് ബന്ധുക്കള്‍ നാല് കിലോമീറ്ററോളം വനപ്രദേശത്തു കൂടി നടന്നത്. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രി ലക്ഷ്യമിട്ടാണ് കല്ലുകളും ചെളിയും നിറഞ്ഞ വഴിയിലൂടെയായിരുന്നു ഈ കഠിന യാത്ര.ഇത്രയും ദൂരം സഞ്ചരിച്ചപ്പോഴേക്കും യുവതിക്ക് പ്രസവ വേദന കലശലായി. ഇനിയും മുന്നോട്ട് നീങ്ങിയാല്‍ അപകടമാവുമെന്ന് മനസിലാക്കിയ ബന്ധുക്കള്‍ യാത്ര പാതിവഴിയില്‍ നിര്‍ത്തി. കാട്ടുവഴി മുത്തമ്മയ്ക്ക് പ്രസവ മുറിയായി മാറി.

ഗ്രാമത്തിലേക്കൊരു റോഡ് നിര്‍മിക്കാനുള്ള അപേക്ഷയുമായി അധികൃതരെ പല തവണ കണ്ടു കെഞ്ചിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് വീഡിയോ പകര്‍ത്തിയ യുവാവ് പറഞ്ഞു. ഗുരുതര രോഗം ബാധിച്ചവരെയും ഗര്‍ഭിണികളെയും ഈ രീതിയിലാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നത്. വഴി ശരിയല്ലെന്ന്് പറഞ്ഞ് ആംബുലന്‍സ് വരാന്‍ തയ്യാറാവുന്നില്ല. ഒരു ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനും ഇതിലൊന്നും ആശങ്കയില്ല. വിഴിയനഗരം ജില്ലയിലെ മാസിക വലാസ ചിന്താലാ സാലൂരിലുള്ള ആദിവാസികളുടെ ദയനീയ സ്ഥിതിയാണ് ഈ വീഡിയോയില്‍ ഉള്ളത്.

വീഡിയോ ദൃശ്യത്തില്‍ അദ്ദേഹം ഇത് പറയുമ്പോള്‍ പിറകില്‍ മുത്തമ്മയുടെ കുഞ്ഞിന്റെ പൊക്കിള്‍ കൊടി രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു മാറ്റുന്നുണ്ടായിരുന്നു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top