Voice

ശിവസേനയുടെയും ഉദ്ദവ് താക്കറെയുടെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും ഭാവിയെന്ത്?

ശിവസേനയുടെയും ഉദ്ദവ് താക്കറെയുടെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും ഭാവിയെന്ത്?
X

അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ വീണതും പാര്‍ട്ടി വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുന്നതും. സര്‍ക്കാര്‍ രൂപീകരണം ഒറ്റ നോട്ടത്തില്‍ ഉദ്ദവ് താക്കറെയ്ക്കു മുകളില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെയും ബിജെപിയുടെയും വിജയമാണെന്ന് തോന്നുമെങ്കിലും അത് ഉദ്ദവിന് മാത്രമല്ല, ഷിന്‍ഡെക്കും കാലനായേക്കും.

ഉദ്ദവ് താക്കറെ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ഭരണത്തിലെത്തിയതു മുതല്‍ എന്‍സിപി നേതാവ് ശരത് പവാര്‍ ഒരു രക്ഷാപുരുഷനെപ്പോലെ കൂടെനിന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ വെറുമൊരു അടിമയെപ്പോലെയല്ല, ഉദ്ദവ് നിലകൊണ്ടത്. തന്റെ നിലപാടുകളില്‍ അയവ് വരുത്താതെയായിരുന്നു എല്ലാ നീക്കങ്ങളും. എന്നാല്‍ പുതുതായി അധികാരത്തിലേറിയ ഷിന്‍ഡെയുടെ വിമതസേനക്ക് ഇത് നിലനിര്‍ത്താനാവുമോയെന്ന കാര്യം സംശയമാണ്. ബിജെപി അവരെ വിഴുങ്ങുമോയെന്നതും സംശയിക്കാവുന്നതാണ്.

ഇത്തവണ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയതു മുതല്‍ ഉദ്ദവ് സര്‍ക്കാര്‍ വലിയ കുഴപ്പമില്ലാതെയാണ് മുന്നോട്ടുപോയത്. കൊവിഡ് കാലത്ത് വലിയ വ്യാപനമുണ്ടായതും പള്ളികളിലെ ലൗഡ് സ്പീക്കര്‍ വിവാദവും ഉദ്ദവ് വലിയ പരിക്കില്ലാതെ പിടിച്ചുനിര്‍ത്തി. കൊവിഡ് കാലത്ത് സംസ്ഥാനം വലിയ പഴികേള്‍ക്കുകയുണ്ടായി. എല്ലാ ഘട്ടത്തിലും മഹാരാഷ്ട്രയായിരുന്നു വ്യാപനത്തില്‍ മുന്നില്‍. കേന്ദ്രം പലതവണ വടിയെടുത്ത് വന്നെങ്കിലും അതിനെയും അവര്‍ നിയന്ത്രിച്ചു. ഹിന്ദുത്വര്‍ ഉച്ചഭാഷിണി വിവാദം കത്തിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം അതിനെ സംശയിച്ചുനില്‍ക്കാതെ പിടിച്ചുനിര്‍ത്തി. എന്നാല്‍ ഹിന്ദുത്വരെ അടക്കിനിര്‍ത്താന്‍ കാണിച്ച തന്ത്രങ്ങള്‍ പാര്‍ട്ടിക്കുതന്നെ വിനയായെന്നുവേണം കരുതാന്‍.

1960ലെ മഹാരാഷ്ട്ര രൂപീകരണത്തിനുശേഷം മഹാരാഷ്ട്രക്കാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ് ബാല്‍താക്കറെ 1966ല്‍ ശിവസേന രൂപീകരിക്കുന്നത്. മദ്രാസികളായിരുന്നു ആദ്യ ഘട്ടത്തില്‍ അവരുടെ വില്ലന്മാര്‍. അവര്‍ തങ്ങളുടെ ജോലികള്‍ തട്ടിയെടുത്തെന്ന് താക്കറെ ആരോപിച്ചു. അടുത്ത ഘട്ടത്തില്‍ വടക്കേ ഇന്ത്യക്കാരായിരുന്നു വില്ലന്മാര്‍. പതുക്കെപ്പതുക്കെ മുസ് ലിംസമൂഹത്തെ വില്ലന്മാരായി അവതരിപ്പിച്ചു. ഒപ്പം ഹിന്ദുത്വ ആശയശാസ്ത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. 1995ലാണ് സേന ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അത്തവണ അവര്‍ ജൂനിയര്‍ പങ്കാളികള്‍ മാത്രമായിരുന്നു.

1992-93ഓടെ മുംബൈയിലുണ്ടായ കലാപത്തോടെ ശിവസേനയുടെ ഹിന്ദുത്വമുഖം കൂടുതല്‍ വെളിവാക്കപ്പെട്ടു. സ്വാഭാവികമായി മുസ് ലിംകള്‍ ശത്രുപക്ഷത്തെത്തി. നിരവധി മുസ് ലിംകളാണ് ആ വര്‍ഷം കൊലചെയ്യപ്പെട്ടത്.

ഇതിനിടയില്‍ ബാല്‍താക്കറെ ജീവിച്ചിരിക്കെത്തന്നെ പാര്‍ട്ടിയില്‍ സംഘര്‍ഷം രൂപപ്പെട്ടു. ഛഗന്‍ ബുജ്പാല്‍, നാരായണന്‍ റാണെ, രാജ് താക്കറെ എന്നിവര്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാക്കി. അമ്മാവനായ രാജ് താക്കറെയുടെ കലാപം ബാല്‍താക്കറെയെ വല്ലാതെ വേദനിപ്പിച്ചു. ഇതിനിടയിലും 2012ല്‍ ബാല്‍ താക്കറെ മരിക്കുമ്പോള്‍ ശിവസേന സംസ്ഥാനത്ത് ഗണ്യമായ ശക്തിയായിരുന്നു.

2019ല്‍ ബിജെപിയെ തള്ളി എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കൊപ്പം ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചു. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോള്‍ എത്ര പേര്‍ ശിവസേനക്കൊപ്പം എത്ര പേര്‍ ഷിന്‍ഡെയുടെ വിമതപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന കാര്യം വ്യക്തമല്ല. പകുതിയില്‍ കൂടുതല്‍ ശിവസേന വിമതര്‍ക്കൊപ്പമാണെന്നാണ് കരുതുന്നത്. അത് കാത്തിരുന്നു കാണാം.

ശിവസേനാ വിമതരുടെ വലിയ പരാതി ബാല്‍താക്കറെയുടെ ഹിന്ദുത്വ അജണ്ടയില്‍ ഉദ്ദവ് താക്കറെ വിട്ടു വീഴ്ച ചെയ്തുവെന്നാണ്. തങ്ങള്‍ക്ക് ഉദ്ദവിനോടല്ല, എന്‍സിപിയോടും കോണ്‍ഗ്രസ്സിനോടുമാണ് പ്രശ്‌നമെന്നും വിമതര്‍ വ്യക്തമാക്കിയിരുന്നു. ഉദ്ദവിന്റെ രാജി തങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഉദ്ദവ് ചെയ്തതുപോലെ വിമതരും വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് ഇരുവിഭാഗവും പറയുന്നു. ആരാണ് സാക്ഷാല്‍ ശിവസേനയെന്ന് കോടതിയോ തിരഞ്ഞെടുപ്പ് കമ്മീഷനോ തീരുമാനിക്കും.

അതേസമയം ഇപ്പോള്‍ ശിവസേനയെ വച്ച് ബിജെപി നടത്തിയ കളിയില്‍ ഭരണം പോയതിലല്ല, പാര്‍ട്ടിതന്നെ പോകുമോയെന്നതിലാണ് ഉദ്ദവിന്റെ ആശങ്ക. അത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പുതിയ സംഭവവികാസങ്ങള്‍ പാര്‍ട്ടിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അണികള്‍ക്കിടയില്‍ ചില ഇടര്‍ച്ചകളുള്ളതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഈ പഴുതിലൂടെ ബിജെപി കയറിക്കൂടുമോയെന്നും സംശയിക്കുന്നുണ്ട്.

ഷിന്‍ഡെയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഹിന്ദുത്വയുടെ ചിറകിലൂടെയുള്ള വളര്‍ച്ച ഒടുവില്‍ സ്വന്തം അണികളെ ബിജെപിയിലേക്ക് എത്തിക്കുമോയെന്ന് ഉറപ്പില്ല. ഉദ്ദവിനും ഷിന്‍ഡെക്കും ബിജെപി ഒരുപോലെ തലവേദനയായേക്കും.

Next Story

RELATED STORIES

Share it