Voice

മകന്‍ ഒരു മുസ്‌ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് ആ മനുഷ്യന്‍ തഴയപ്പെടുന്നു

മക്കളെ വീട്ടില്‍ നിന്ന് മാറ്റുകയോ അദ്ദേഹം വീട് മാറുകയോ ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെ പരിഗണിക്കാം എന്നാണ് അദ്ദേഹത്തോട് ഈ ക്ഷേത്രങ്ങളിലെ കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടതെന്ന് കേട്ടപ്പോള്‍ നാണിച്ചു പോയി ശരിക്കും. വിപ്ലവ മണ്ണിന്റെ ജാതിവെറിയും മതവെറിയും ഇത്രത്തോളമാണല്ലോ എന്നോര്‍ത്തത്ഭുതം തോന്നി

മകന്‍ ഒരു മുസ്‌ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് ആ മനുഷ്യന്‍ തഴയപ്പെടുന്നു
X

മകന്‍ ഇതരമതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഒരു കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുണിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി നിഷേധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വിനോദ് പണിക്കര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തക ശരണ്യ എം ചാരുവിന്റെ സാമൂഹിക മാധ്യമ പോസ്റ്റ്.

നാണിച്ചാല്‍ പോര... നാണിച്ചു തലതാഴ്ത്തി വിനോദ് പണിക്കരോട് മാപ്പ് പറയണം വിപ്ലവം പ്രസംഗിക്കുന്ന ഓരോ കരിവെള്ളൂരുകാരനും. 37 വര്‍ഷത്തിലധികമായി ആ മനുഷ്യന്‍ മറത്തുകളി രംഗത്ത് സ്വന്തം കഴിവ് കൊണ്ട് ഉണ്ടാക്കിയെടുത്ത അറിവിനെ, ആത്മസമര്‍പ്പണത്തെ, പണ്ഡിത്യത്തെ, അനുഭവത്തെ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു മാറ്റി നിര്‍ത്തിയ ഈ നാട് അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയണം ചെയ്ത തെറ്റിന്റെ പാപഭാരം തീരാന്‍...

മകന്‍ ഒരു മുസ്‌ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലേയും കുണിയനിലേയും ക്ഷേത്രങ്ങളില്‍ നിന്ന് രണ്ട് തവണയായി ആ മനുഷ്യന്‍ തഴയപ്പെടുന്നു. മക്കളെ വീട്ടില്‍ നിന്ന് മാറ്റുകയോ അദ്ദേഹം വീട് മാറുകയോ ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെ പരിഗണിക്കാം എന്നാണ് അദ്ദേഹത്തോട് ഈ ക്ഷേത്രങ്ങളിലെ കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടതെന്ന് കേട്ടപ്പോള്‍ നാണിച്ചു പോയി ശരിക്കും. വിപ്ലവ മണ്ണിന്റെ ജാതിവെറിയും മതവെറിയും ഇത്രത്തോളമാണല്ലോ എന്നോര്‍ത്തത്ഭുതം തോന്നി എനിക്ക്.

ആ മനുഷ്യനോട് എല്ലാ സമയവും ഐക്യപ്പെടുക എന്നതാണ് എന്റെ രാഷ്ട്രീയ ശരി. മക്കളെ മാറ്റി നിര്‍ത്തിയിട്ട് എനിക്ക് നിങ്ങളുടെ ക്ഷേത്രങ്ങളില്‍ മറത്തുകളി വേണ്ടെന്ന് പറയാന്‍ കാണിച്ച ധൈര്യം അതിന് ഹാറ്റ്‌സ് ഓഫ്...

57 കാരനായ, വിശ്വാസിയായ, നാട്ടുംപുറത്തുകാരനായ ഒരു സാധാരണ മനുഷ്യന് മറ്റൊരു മനുഷ്യനോട് തോനുന്ന സ്‌നേഹത്തിന്റെ പരിഗണനയുടെ, കരുണയുടെ മുന്നില്‍ തോറ്റ് പോയിരിക്കുന്നു കരിവെള്ളൂരിലെ ജനം. സംഘപരിവാരിനോളം താഴ്ന്ന് പോയിരിക്കുന്നു നിങ്ങളിലെ ദുഷിപ്പ്. അവര്‍ക്ക് വളരാനുള്ള മണ്ണൊരുക്കുകയാണ് നിങ്ങള്‍. ജാതിയും മതവും ഇങ്ങനെ പരസ്യമായി പ്രചരിപ്പിക്കാനും, മനുഷ്യരെ അകറ്റി നിര്‍ത്തി, മാറ്റി നിര്‍ത്തി ഭിന്നിപ്പിക്കാനും അവരോളം തന്നെ ഞങ്ങള്‍ക്കും കഴിയുമെന്ന് തെളിയിക്കയാണ് നിങ്ങള്‍. ഫാഷിസ്റ്റുകള്‍ തന്നെയാണ് നിങ്ങളും.

അദ്ദേഹത്തിന്റെ തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മറത്തുകളി പാട്ടുകളൊന്നും നിങ്ങള്‍ ഇന്നോളം കെട്ടിട്ടില്ലെന്നാണ് തോന്നുന്നത്. അദ്ദേഹത്തെ പോലൊരാളെ ഈ നാട് അര്‍ഹിക്കുന്നില്ലെന്നാണ് തോന്നുന്നത്. അരയക്ഷരം പിഴക്കാതെയുള്ള അദ്ദേഹത്തിന്റെ വാക് പയറ്റുകളോ പുരാണങ്ങളും വേദോപനിഷത്തുക്കളും സംസ്‌കൃതത്തിലേയും മലയാളത്തിലേയും മഹാകാവ്യങ്ങളും കഥകളും സമകാലിക വിഷയങ്ങളുമായി ബന്ധിപ്പിച്ച് മുഴു ദിനം നീളുന്ന സ്ലോകങ്ങളുമൊന്നും കേള്‍ക്കാന്‍ നിങ്ങള്‍ അര്‍ഹരല്ല ജനമേ... പക്ഷേ, ഇന്നാട്ടിലെ ഇതേ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം കഴുത്തിലെ ഞരമ്പ് പൊട്ടി ചോരയുടെ ഉപ്പിറക്കി നാരായണാ വാസുദേവാ പാടിയതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്...

മാപ്പ് പറയണം കരിവെള്ളൂര്‍. നാണിക്കണം സ്വയം. വിപ്ലവ പ്രസംഗങ്ങള്‍ക്ക് മുന്നേ ഓര്‍ക്കണം ചിലതൊക്കെ.

Next Story

RELATED STORIES

Share it