Parliament News

മുസ്‌ലിം പിന്നാക്കാവസ്ഥ അതിദയനീയം: സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി

സച്ചാര്‍ റിപ്പോര്‍ട്ട് വന്ന് 13 വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ ജാഫര്‍ലോട്ടും കലൈയരസനും നടത്തിയ പഠനം ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം പിന്നാക്കാവസ്ഥ അതിദയനീയം: സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി
X

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ അതിദയനീയമായി തുടരുകയാണെന്നും യുപിഎ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും പി വി അബ്ദുല്‍ വഹാബ് എംപി. രാജ്യസഭയിലെ ശൂന്യവേളയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സച്ചാര്‍ റിപ്പോര്‍ട്ട് വന്ന് 13 വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ ജാഫര്‍ലോട്ടും കലൈയരസനും നടത്തിയ പഠനം ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

പൊതു സ്ഥാപനങ്ങളിലും നിയമ നിര്‍മാണ സഭകളിലും ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ദലിത് വിഭാഗങ്ങളേക്കാള്‍ താഴെയാണ്. മദ്രസകളില്‍നിന്ന് നല്‍കുന്ന ബിരുദത്തിന് ഉദ്യോഗത്തിനുള്ള പരീക്ഷകളെഴുതാന്‍ നിയമ പ്രാബല്യം നല്‍കാനും മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സച്ചാര്‍ കമ്മിറ്റി പദ്ധതികള്‍ നിര്‍ദേശിച്ചിരുന്നു. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള വികസനവും മുസ്ലിംകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളുമാണ് സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ചത്. എന്നാല്‍ 2017-18 വര്‍ഷം ബിരുദ പഠനം പൂര്‍ത്തിയാക്കിയ ദലിത് വിദ്യാര്‍ത്ഥികളേക്കാള്‍ 14 ശതമാനം താഴെയാണ് ബിരുദം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ മുസ്ലിം ചെറുപ്പക്കാരുടെ എണ്ണമെന്ന് പഠനം പറയുന്നു.

ഹിന്ദി ഹൃദയഭൂമിയിലെ മുസ്ലിം വിദ്യാഭ്യാസ നിലവാരം വളരെ ദയനീയമാണ്. ഹരിയാനയില്‍ മൂന്ന് ശതമാനവും രാജസ്ഥാനില്‍ 7 ശതമാനവുമാണ് കണക്ക്. രാജ്യത്തെ ഏതൊരു സമുദായത്തേക്കാളും താഴ്ന്ന നിരക്കിലാണ് മുസ്ലിംകളുടെ ഉദ്യോഗ പ്രാതിനിധ്യമെന്നും സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സമുദായം ഏറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായും പഠനം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂണിവേഴ്‌സിറ്റികളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവേചനത്തിന് വിധേയരാകുന്നുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ പോയ ഫിറോസ് ഖാനെ പുറത്താക്കാന്‍ വേണ്ടി ചിലര്‍ നടത്തിയ സമരങ്ങള്‍ നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ മുസ്ലിം പ്രഫസര്‍മാരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണ്. മദ്രാസ് ഐഐടിയില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മുസ്ലിം വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയുടെ ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ മുസ്ലിം സമുദായത്തിന്റെയും പ്രത്യേകിച്ച് ചെറുപ്പക്കാരുടെയും വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കുള്ള പദ്ധതികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സച്ചാര്‍ ശിപാര്‍ശകള്‍ എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it