Interview

മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ ഭീകരത ചാര്‍ത്തുന്നത് അവരുമായി ഐക്യപ്പെടുന്നതില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍: ജെ രഘു

കേരളത്തിലെ ഈഴവ, ദലിത് വിഭാഗങ്ങള്‍ ജാതീയമായി സംഘടിക്കുന്നത് തടയാനുള്ള കുറുക്കുവഴി അവരുടെ 'മര്‍ദ്ദിത ജാതിബോധ'ത്തെ 'ചൂഷിത തൊഴിലാളി വര്‍ഗബോധം' കൊണ്ട് മൂടുക എന്നതായിരുന്നു

മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ ഭീകരത ചാര്‍ത്തുന്നത് അവരുമായി ഐക്യപ്പെടുന്നതില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍: ജെ രഘു
X

മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ വര്‍ഗീയ ഭീകരവാദ പരിവേഷം ചാര്‍ത്തുന്നത്, മുസ്‌ലിംകളുമായി ഐക്യപ്പെടുന്നതില്‍ നിന്ന് പിന്നാക്ക ദലിത് ഗോത്ര വിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ജെ രഘു. തേജസ് ന്യൂസ് പ്രതിനിധിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനില്‍പ്പിന് വേണ്ടി ചെറുത്തുനില്‍പു നടത്തുന്ന മുസ്‌ലിം സംഘടനകളെ 'വര്‍ഗീയ ഭീകരവാദ' സംഘടനകളെന്ന് ആക്ഷേപിക്കുന്നവര്‍, ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന ഭയാനക സത്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

കേരളത്തില്‍ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന ആശയം സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. ഹിന്ദു എന്ന പൊതുബോധം സൃഷ്ടിച്ച് പിന്നാക്ക വിഭാഗങ്ങളെ ആ സംജ്ഞയില്‍ തളച്ചിടുക എന്നതായിരുന്നില്ലേ അവരുടെ ലക്ഷ്യം. അത്തരത്തില്‍ ഈഴവ, തീയ്യ സമുദായങ്ങളെ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ സംഘപരിവാര്‍ വിജയിച്ചു എന്നു തന്നെ പറയാം. ബിഡിജെഎസിന്റെ സൃഷ്ടി അങ്ങനെ കൂടി കാണാവുന്നതല്ലേ. കേരളത്തിലെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളെ എങ്ങനെയാണ് ചെറുക്കാനാവുക

യഥാര്‍ഥ സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത 'ഹിന്ദു' എന്ന വ്യാജ സ്വത്വ മുദ്രയുടെ വാഹകരായി മര്‍ദ്ദിത ജാതി മനുഷ്യരെ മാറ്റിയെടുക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ഈഴവ, ദലിത്, ആദിവാസി ജനതകള്‍ അവരുടെ ജാതി സ്വത്വത്തെക്കുറിച്ച് ചിന്തിച്ചാല്‍, അവര്‍ സ്വാഭാവികമായും മര്‍ദ്ദക ജാതികളായ സവര്‍ണ ഹിന്ദുക്കള്‍ക്കെതിരാകും. വ്യാജമായി നിര്‍മിച്ചെടുത്ത 'ഹിന്ദു' എന്ന 'ഐഡന്റിറ്റി' തുന്നിച്ചേര്‍ക്കാനാവത്ത വിധം അകമേ പിളരും. ഹിന്ദുയിസവും ഹിന്ദു ഫാഷിസവും അന്തിമമായി മര്‍ദ്ദിത ജാതി ഭൂരിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ തടയാനുള്ള സവര്‍ണ പദ്ധതിയാണെന്ന നഗ്നസത്യം ലോകത്തിന് മുന്‍പില്‍ വെളിവാകും. എങ്ങനയും ഇത് ഒഴിവാക്കുകയാണ് ഹിന്ദു ഫാഷിസ്റ്റുകളുടെ ലക്ഷ്യം. ഇത് ചെറുക്കാനുള്ള ഒന്നാമത്തെ മാര്‍ഗം 'ഹിന്ദു, ഹിന്ദു ഭൂരിപക്ഷം' തുടങ്ങിയ കപട സജ്ഞകളുടെ പ്രയോഗം ബോധപൂര്‍വം ഒഴിവാക്കുക എന്നതാണ്. രണ്ടാമതായി ജാതികളെ ജാതികളായി തന്നെ അഭിസംബോധന ചെയ്യുക. മൂന്നാമതായി മുസ്‌ലിമും ക്രിസ്ത്യാനിയും അല്ലാത്തവര്‍ ഹിന്ദുവാണെന്ന പൊതുബോധത്തെ നിരന്തരം അട്ടിമറിച്ച് കൊണ്ടിരിക്കുക.

ഇന്ത്യയില്‍ നിലനിന്നിരുന്ന സവര്‍ണ കേന്ദ്രീകൃത പൊതു മണ്ഡലം അതിനേക്കാള്‍ ശക്തമായി സ്വാതന്ത്ര്യാനന്തരം മാറുന്ന കാഴ്ചയാണ് കണ്ടത്. അതുപോലെ തന്നെ, കേരളത്തിലെ പൊതുമണ്ഡലവും സവര്‍ണ കേന്ദ്രീകൃതമായി തന്നെ തുടര്‍ന്നു. കേരളത്തിലെ മുസ്‌ലിം, പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ വിസിബിലിറ്റി ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്.

മുസ്‌ലിം പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്ക് പൊതു മണ്ഡലത്തില്‍ വിസിബിലിറ്റി ഉണ്ടാകാതെ പോയതിന് കാരണം ദേശീയ പ്രസ്ഥാനവും 'സ്വാതന്ത്ര്യസമര'വുമാണ്. 'കൊളോണിയലിസം vs ദേശം' എന്ന വ്യാജ പ്രചാരത്തിന്റെ ഭയാനക പ്രചാരവും സാധൂകരണവും മര്‍ദ്ദിത ജാതി ഭൂരിപക്ഷവും vs മര്‍ദ്ദക ജാതി ന്യൂനപക്ഷം എന്ന വ്യവഹാരത്തെ രാഷ്ട്രീയ പൊതുമണ്ഡല സംവാദത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്തു. അതിനാല്‍ 'ദേശീയപ്രസ്ഥാനം' 'സ്വാതന്ത്ര്യ സമരം' എന്നൊക്കൊയുള്ള ചേരുവകകളില്‍ സാധൂകരിക്കപ്പെട്ട പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ഫങ്ഷന്‍, ജാതി ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും മര്‍ദ്ദിത ജാതി ഭൂരിപക്ഷവും നിസ്സാര ന്യൂനപക്ഷമായ മര്‍ദ്ദക ജാതികളും തമ്മില്‍ സംഭവിക്കേണ്ടിയിരുന്ന 'ആഭ്യന്തര സ്വാതന്ത്ര്യയുദ്ധം' അസാധ്യമാക്കുക എന്നതായിരുന്നു.

കേരളത്തിലെ സാംസ്‌കാരിക രംഗം കാലങ്ങളായി നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്. എന്നിട്ടും സവര്‍ണ ആശയങ്ങള്‍ പൊതുബോധമായി നിലനില്‍ക്കുന്നു. തീവ്ര ഹിന്ദുത്വ ആശയങ്ങളെ സാംസ്‌കാരികമായി ചെറുക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്

ഇന്ത്യയിലേയും കേരളത്തിലേയും ഇടതുപക്ഷം എല്ലാ കാലത്തും സവര്‍ണ പക്ഷമായിരുന്നു. കേരളത്തിലെ ഈഴവ, ദലിത് വിഭാഗങ്ങള്‍ ജാതീയമായി സംഘടിക്കുന്നത് തടയാനുള്ള കുറുക്കുവഴി അവരുടെ 'മര്‍ദ്ദിത ജാതിബോധ'ത്തെ 'ചൂഷിത തൊഴിലാളി വര്‍ഗബോധം' കൊണ്ട് മൂടുക എന്നതായിരുന്നു. 'വര്‍ഗ ബോധ'ത്തിന്റെ വ്യാമോഹത്തിനടിപ്പെട്ട പിന്നോക്ക ദലിത് വിഭാഗങ്ങള്‍, യഥാര്‍ഥ സവര്‍ണ ഹിന്ദു ശത്രുവിനെ വിസ്മരിക്കുകയും മുതലാളി വര്‍ഗ്ഗമെന്ന ഫാന്റം ശത്രുവിനെതിരേ ഫാന്റം യുദ്ധം നടത്താന്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തരായ പിന്നാക്കരാരുണ്ടെങ്കിലും, അവര്‍ക്ക് 'സവര്‍ണ വര്‍ഗ' രാഷ്ട്രീയത്തിന്റെ നിര്‍വാഹകര്‍ ആകാനേ കഴിയൂ.

മേല്‍ക്കോയ്മയുള്ള സവര്‍ണ വിഭാഗങ്ങളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമാണ് കേരളത്തില്‍ മതേതരമാകുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ ആചാരമോ അനുഷ്ടാനമോ ഒരിക്കലും മതേതരമായിട്ടില്ല. ഉദാഹരണത്തിന് നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍. സവര്‍ണ ഹിന്ദുത്വ പൊതുബോധം കേരളത്തില്‍ മതേതരമായി രംഗത്ത് വരുകയാണോ

ദേശീയപ്രസ്ഥാനവും ഗന്ധിയും ദേശീയപ്രതീകങ്ങളും മൂല്യങ്ങളുമായി വിന്യസിച്ചത്, പുരാതന കാലത്തെ സവര്‍ണ ബിംബങ്ങളും രൂപകങ്ങളും മിത്തുകളും മൂല്യങ്ങളുമായിരുന്നു. അങ്ങനെ സവര്‍ണ പ്രതീക- മുഖ്യ- ബിംബ -വ്യവസ്ഥയ്ക്ക് ദേശീയ രാഷ്ട്രീയ മതേതര സാധൂകരണം ലഭിച്ചു. സവര്‍ണ -പ്രതീക -ബിംബ വ്യവസ്ഥയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ പിന്നാക്ക ദലിത് പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നാക്ക ദലിത് ജാതികളെ വന്‍ തോതില്‍ ആകര്‍ഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പില്‍ക്കാലത്ത് കോണ്‍ഗ്രസും ഈ സവര്‍ണ സാംസ്‌കാരിക അധിനിവേശത്തിന് മുന്നിലുണ്ടായിരുന്ന മതിലുകള്‍ തകര്‍ക്കുകയാണുണ്ടായത്.

മുസ്‌ലിം ഉന്മൂലനത്തിന് ശ്രമിക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുന്നത് വര്‍ഗീയത ആയാണ് ഇടതുപക്ഷവും കോണ്‍ഗ്രസുമൊക്കൊ വിശദീകരിക്കുന്നത്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ ശബ്ദിക്കുമ്പോള്‍ അത് ന്യൂനപക്ഷ വര്‍ഗീയതയായി പ്രചരിപ്പിക്കപ്പെടുന്നതിന്റെ താല്‍പര്യം എന്താണ്.

ഭീകതര( terrorism) എന്ന വാക്ക് എപ്പോഴും ചേര്‍ക്കുന്നത് മുസ്‌ലിമിനൊപ്പമാണ്. 'മുസ്‌ലിം ഭീകരവാദം' 'ഇസ്‌ലാമിക ഭീകരവാദി' തുടങ്ങിയ വാക്കുകള്‍ സ്വാഭാവികമായിരിക്കുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെ 'ഹിന്ദുഭീകരവാദ'മായും അതിന് നേതൃത്വം കൊടുത്തവരെ 'ഹിന്ദുഭീകരവാദി'കളായും ആരും ചിത്രീകരിക്കുന്നില്ല. നിലനില്‍പ്പിന് വേണ്ടിയുള്ള ചെറുത്തു നില്‍പുകള്‍ നടത്തുന്ന മുസ്‌ലിം സംഘടനകളെ 'വര്‍ഗീയ ഭീകരവാദ' സംഘടനകളെന്ന് ആക്ഷേപിക്കുന്നവര്‍, ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആര്‍എസ്എസ് എന്ന ഭയാനക സത്യം കണ്ടില്ലെന്ന് നടിക്കുന്നു. ഒരു ഭീകര സംഘടന, ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭരണകക്ഷിയായി മാറിയിരിക്കുന്നുവെന്നത് ആരെയും ഞെട്ടിക്കുന്നില്ല.

മുസ്‌ലിം സംഘടനകള്‍ക്ക് മേല്‍ വര്‍ഗീയ ഭീകരവാദ പരിവേഷം ചാര്‍ത്തുന്നതിന് പിന്നിലെ ലക്ഷ്യം, മുസ്‌ലിംകളുമായി ഐക്യപ്പെടുന്നതില്‍ നിന്ന് പിന്നാക്ക ദലിത് ഗോത്ര വിഭാഗങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ്.

Next Story

RELATED STORIES

Share it