Football

സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കളത്തിലിറങ്ങാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പിന്തുണയുമായി അല്‍ നസര്‍ ആരാധകര്‍

സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കളത്തിലിറങ്ങാതെ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പിന്തുണയുമായി അല്‍ നസര്‍ ആരാധകര്‍
X

റിയാദ്: സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കളത്തിലിറങ്ങാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെയുള്ള മല്‍സരത്തിലും താരം അല്‍ നസറിനൊപ്പമുണ്ടായിരുന്നില്ല. നേരത്തെ, അല്‍ റിയാദിനെതിരെയും താരം കളിച്ചിരുന്നില്ല. റൊണാള്‍ഡോ മല്‍സരത്തിന് എത്തിയിരുന്നില്ലെങ്കിലും താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന അല്‍ നസര്‍ അല്‍ ഇത്തിഹാദ് മല്‍സരത്തിനിടെയാണ് ആരാധകര്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.

മല്‍സരത്തിനായി റൊണാള്‍ഡോയുടെ ജേഴ്സി നമ്പറായ ഏഴ് എന്ന് എഴുതിയ കാര്‍ഡുകളുമായാണ് അല്‍ നസര്‍ ആരാധകര്‍ എത്തിയത്. ഇത്തരം കാര്‍ഡുമായി എത്തിയ ആരാധകരാണ് അല്‍ അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തിന്റെ ഗാലറി മുഴുവനുമുണ്ടായിരുന്നത്. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മല്‍സരത്തിനിടെ ഏഴ് എന്നെഴുതിയ കാര്‍ഡുകള്‍ ആരാധകര്‍ ഉയര്‍ത്തി കാണിക്കുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മല്‍സരത്തിന്റെ ഏഴാം മിനിട്ടിലായിരുന്നു ആരാധകര്‍ 'ഏഴ്' എന്ന കാര്‍ഡ് ഉയര്‍ത്തികാണിച്ചത്.

ആരാധകര്‍ക്ക് പുറമെ അല്‍ നസര്‍ താരമായ ആഞ്ചലോ ഗബ്രിയേലും റൊണാള്‍ഡോയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. റോണോയുടെ ബെഞ്ച്മാര്‍ക്ക് സെലിബ്രേഷനായ സൂയി കാണിച്ചാണ് താരം തന്റെ ഗോള്‍ ആഘോഷിച്ചത്. ടീമിനായി 90+ 6 മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍. സൗദി പ്രൊ ലീഗിലെ സമീപകാല ട്രാന്‍സ്ഫറുകളില്‍ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്നും അതിനാലാണ് താരം കളിക്കാന്‍ ഇറങ്ങാത്തെതെന്നുമാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.




Next Story

RELATED STORIES

Share it