Editorial

നവകേരള യാത്രയോ മൃഗയാവിനോദമോ?

നവകേരള യാത്രയോ മൃഗയാവിനോദമോ?
X
ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കലും പരാതികള്‍ക്ക് പരിഹാരം കാണലും ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയൊന്നാകെ ഒരൊറ്റ ബസ്സില്‍ നവകേരള സദസ്സിനായി നാടുചുറ്റല്‍ ആരംഭിച്ചപ്പോള്‍ തന്നെ പുത്തരിയില്‍ കല്ലുകടിച്ചു തുടങ്ങി. മറച്ചുവയ്ക്കാനാവാത്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ സാധാരണക്കാരായ അനേകം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായേക്കാമെന്ന ശുഭാപ്തിവിശ്വാസം നവകേരള സദസ്സിന്റെ പ്രസക്തിക്ക് മതിയായ ന്യായീകരണമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലും ഇതു തന്നെയാണ് നടന്നത്. അന്നു പക്ഷേ, ഇന്നത്തെപ്പോലെ പകിട്ടോ പബ്ലിസിറ്റിയോ അകമ്പടിയോ അലങ്കാരമോ ആസൂത്രണമോ ഒന്നുമുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തിനു നടുവിലെ മുഖ്യമന്ത്രിക്കരികിലേക്ക് പരാതിക്കെട്ടുകളുമായി ജനം പ്രവഹിച്ചിരുന്നു. പലതിനും സ്‌പോട്ടില്‍ പരിഹാരവും കണ്ടിരുന്നു. ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യമാണ് ഉമ്മന്‍ചാണ്ടി ആരവങ്ങളോടെ നടപ്പാക്കുന്നത് എന്ന ആക്ഷേപമായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്റെ നേതാക്കളില്‍നിന്ന് ഉയര്‍ന്നുവന്നത്. ഇന്ന് പിണറായി വിജയന്‍ പി ആര്‍ വര്‍ക്കിന്റെ പിന്തുണയോടെ കൊട്ടും കുരവയുമായി അതേ കാര്യം ചെയ്യുമ്പോള്‍ ഇന്നത്തെ പ്രതിപക്ഷം പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന് കരുതാനാവില്ലല്ലോ?സ്വാഭാവികമായും അവര്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തി. മുഴുവന്‍ മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സുകള്‍ പ്രഖ്യാപിച്ചു.


ഒരു പടികൂടി കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ ചാടിവീണു. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒരു 'അക്രമമോ' അനിഷ്ട സംഭവമോ അല്ലിത്. ജനാധിപത്യപരമായ ഒരു പ്രതിഷേധം. അതിനെ ആ വിധത്തിലേ കാണേണ്ടതുള്ളൂ. അതു തടയാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആവശ്യത്തിലേറെ പോലീസ് തെരുവിലുണ്ട്. അവരാണതു നോക്കേണ്ടത്. പകരം സന്നദ്ധ സേവകരുടെ വേഷം കെട്ടിയവര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയല്ല വേണ്ടിയിരുന്നത്. പാര്‍ട്ടി ഗുണ്ടകളും ഡിവൈഎഫ്‌ഐക്കാരും ഹെല്‍മെറ്റും ചെടിച്ചട്ടികളും ഉപയോഗിച്ച് പ്രതിഷേധിച്ച ചെറുപ്പക്കാരുടെ തല തല്ലിച്ചതച്ചു. രംഗം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനെ പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നവകേരള സദസ്സിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തിരുന്നു.

ഇനിയാണ് അപഹാസ്യമായ രണ്ടാം എപ്പിസോഡ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞ മറുപടിയാണ് വിചിത്രം.

'അത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ്. ആ മാതൃക തുടരേണ്ടതുണ്ട് ' എന്നായിരുന്നു സ്വന്തം അണികളുടെ ഗുണ്ടാ പ്രവൃത്തിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന മുഖ്യമന്ത്രിയുടെ നിലവാരമോ പദവിയുടെ ഉത്തരവാദിത്തമോ അല്ല, പണ്ട് അണികളെ തല്ലാനും കൊല്ലാനും പറഞ്ഞു വിട്ടിരുന്ന ഉഗ്രപ്രതാപിയായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ആ വാക്കുകളില്‍ നിഴലിക്കുന്നത്. ഈ രീതിയും സമീപനവും ജനാധിപത്യത്തിനു ചേര്‍ന്നതല്ല. ഭരണത്തലവന്റെ അന്തസ്സിനു നിരക്കുന്നതുമല്ല. വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി മുന്നോട്ടു നീങ്ങുന്ന മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ഈ പടപ്പുറപ്പാട് നവകേരളത്തെയാണോ പഴയ കാലത്തെ ചക്രവര്‍ത്തിമാരുടെ മൃഗയാവിനോദങ്ങളെ അനുസ്മരിപ്പിക്കുന്ന നാടുവാഴിത്ത കേരളത്തെയാണോ പ്രതിനിധാനം ചെയ്യുന്നത്. വിവേകമുള്ളവര്‍ വിലയിരുത്തും, തിരുത്തും. അവിവേകികള്‍ അതിരുവിട്ടും അക്രമം തുടരും. കേരളത്തെ ദൈവം രക്ഷിക്കട്ടെ.

Next Story

RELATED STORIES

Share it